തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പതിവ് തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ അവഗണിച്ച് സിപിഎം. എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത് സിപിഎമ്മാണ്.
യുഡിഎഫിലും എൻഡിഎയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുമ്പോൾ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രധാന കടമ്പ കടന്നിരിക്കുകയാണ് സിപിഎം. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾ ഇന്ന് ചേർന്ന അഞ്ച് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളും അംഗീകരിച്ചു.
എൽഡിഎഫ് ഏറെ പിന്നിൽ നിൽക്കുന്ന വട്ടിയൂർക്കാവിൽ ഇത്തവണ മേയർ വി കെ പ്രശാന്തിനെ രംഗത്തിറക്കിയതാണ് ഇതില്‍ ശ്രദ്ധേയമായ നീക്കം. മണ്ഡലത്തിന്‍റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച സിപിഎം തല്‍കാലം മേയറുടെ വ്യക്തിപ്രഭാവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ്.
അടൂര്‍ പ്രകാശ് പതിറ്റാണ്ട് കാലം കൊണ്ടു നടന്ന കോന്നിയിലും ഒരു പുതുമുഖത്തെയാണ് സിപിഎം ഇറക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിനേഷ് കുമാറാകും ഇവിടെ സിപിഎം സ്ഥാനാർത്ഥി. അരൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐയുടെ മറ്റൊരു വൈസ് പ്രസിഡന്‍റുമായ മനു സി പുളിക്കനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുന്‍ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു അടക്കം സാധ്യതാപട്ടികയിലുണ്ടായിട്ടും മന്ത്രി ജി.സുധാകരന്‍ നല്‍കിയ ഉറച്ച പിന്തുണയാണ് മനുവിന് തുണയായത്.
എറണാകുളത്ത് ഇടതു സ്വതന്ത്രനെയാണ് സിപിഎം പരീക്ഷിക്കുന്നത്.ലത്തീൻ സമുദായംഗമായ യുവ അഭിഭാഷകൻ മനു റോയ് സ്വതന്ത്ര ചിഹ്നത്തിൽ ഇവിടെ മത്സരിക്കും. മഞ്ചേശ്വരത്ത് കന്നഡ മേഖലയിൽ സ്വാധീനമുള്ള ജയാനന്ദയുടെ പേര് സജീവമായി ചർച്ചചെയ്യപ്പെട്ടെങ്കിലും ഒടുവിൽ സിപിഎം എത്തിയത് മുൻ മഞ്ചേശ്വരം എംഎൽഎയായ സി എച്ച് കുഞ്ഞമ്പുവിലാണ്.
അഞ്ചിൽ നാലിടത്തും യുവ നേതാക്കളെ പരീക്ഷിക്കുന്ന സിപിഎം വട്ടിയൂർക്കാവിലും സിറ്റിംഗ് സീറ്റായ അരൂരിലും സാമുദായിക ഘടനയും അവഗണിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നുള്ള ഗംഭീര തിരിച്ചു വരവ് ലക്ഷ്യമിട്ട് പുത്തൻ സമവാക്യങ്ങളുമായി സിപിഎം നടത്തുന്ന പരീക്ഷണം ഫലം കാണുമോ എന്ന് വോട്ടെണ്ണുമ്പോള്‍ അറിയാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam