
തിരുവനന്തപുരം: നവരാത്രി ഘോഷയാത്രക്കായുളള ആനകളെ രാത്രി രഹസ്യമായി തമിഴ്നാട്ടിലേക്ക് കടത്തി. ഇന്നലെ വനംവകുപ്പ് തടഞ്ഞ ആനകളെ രാത്രിയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തമിഴ്നാട്ടിലേക്ക് മാറ്റുകയായിരുന്നു. നാളെയാണ് നവരാത്രി ഘോഷയാത്ര തുടങ്ങുക.
പദ്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുളള നവരാത്രി ഘോഷയാത്രയുടെ ആന എഴുന്നളളത്താണ് വിവാദത്തിലായത്. എഴുന്നളളത്തിന് മുന്നോടിയായി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ ആനകളെ കഴിഞ്ഞ ദിവസം വനംവകുപ്പ് തടഞ്ഞിരുന്നു. ആനകളെ മറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോൾ ഹാജരാക്കേണ്ട മതിയായ രേഖകൾ ദേവസ്വം ബോർഡ് ഹാജരാക്കാത്തതായിരുന്നു പ്രശ്നം.
തുടർന്ന് പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലേക്ക് ആനകളെ മാറ്റി. ഇവിടെ നിന്നും രാത്രിയോടെ രഹസ്യമായി ദേവസ്വം ബോർഡ് ആനകളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയായിരിന്നു. നാളെ പദ്മനാഭപുരത്ത് നിന്നും തുടങ്ങുന്ന നവരാത്രി ഘോഷയാത്ര മറ്റന്നാൾ കളിയിക്കാവിളയിലെത്തും. ഘോഷയാത്രയായി കേരള അതിർത്തിയിലെത്തുമ്പോൾ ആനകളെ തടയാനാണ് വനംവകുപ്പിന്റെ നീക്കം.
മതിയായ രേഖകൾ ഇല്ലാതെ ആനകളെ എഴുന്നള്ളത്തിന് ഉപയോഗിച്ചുകൂടാ എന്ന കോടതി വിധി നിലനിൽക്കേയാണ് ദേവസ്വം ബോർഡിന്റെ വീഴ്ച. കഴിഞ്ഞ രണ്ട് വർഷം മുമ്പ് വൃണമുള്ള ആനയുടെ കാലിൽ കറുത്ത പെയിന്റ് അടിച്ച് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് നവരാത്രിക്ക് എഴുന്നള്ളിച്ചതും വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam