
പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ പി.കെ. ശശി ചെയർമാനായ യൂണിവേഴ്സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാർട്ടി അറിയാതെ പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാൻ സിപിഎം ഒരുങ്ങുന്നു. സിപിഎം ഭരിക്കുന്ന കുമരംപുത്തൂർ സർവ്വീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാൻ ഭരണ സമിതി യോഗത്തിൽ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തിൽ നിന്ന് പ്രസിഡന്റ് ഉൾപ്പെടെ നാലു പേർ വിട്ടു നിന്നു.
മണ്ണാര്‍ക്കാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളേജിൻറെ പ്രവര്‍ത്തനം. കോളേജ് 5,45,53638 രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21 ലെ സഹകരണ ഓഡിറ്റ് വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിലേക്കാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,49,39000 രൂപ പാർട്ടി അറിയാതെ ഓഹരിയായി ശേഖരിച്ചത്.
ഇത് മണ്ണാർക്കാട്ടെ സിപിഎമ്മിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്യത്തിൽ ഇക്കാര്യം അടക്കം ശശിക്കെതിരെയുള്ള പരാതികളിൽ അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് കുമരംപുത്തൂർ സർവ്വീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി തിരിച്ചു പിടിക്കാൻ സി പി എം തീരുമാനം. ഈ 1.36 കോടി രൂപയിൽ 25 ലക്ഷം രൂപ സ്ഥിര നിക്ഷേപവും ബാക്കി തുക ഓഹരിയുമാണ്.
കഴിഞ്ഞ 5 വർഷമായി ഒരു രൂപ പോലും ബാങ്കിന് ഇതിൽ നിന്ന് ലാഭം കിട്ടിയില്ല . ഇത്രയും തുക മുടങ്ങി കിടക്കുന്നത് മൂലം ബാങ്കിനു വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഭരണ സമിതി വിലയിരുത്തി. ഇനി മുതൽ 5000 രൂപയ്ക്ക് മേൽ നൽകുന്ന ഏത് സംഭാവനയും ബാങ്ക് ഭരണസമിതി അറിഞ്ഞിരിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ യൂണിവേഴ്സൽ കോളജിലെ 21 കുട്ടികളെ ബാങ്ക് 'സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്നുണ്ട്.
ഇത്തരത്തിൽ ഇനി സ്പോൺസർ ചെയ്യേണ്ടെന്നാണ് ഭരണസമിതിയുടെ തീരുമാനം. ഭരണ സമിതി യോഗത്തിൽ നിന്ന് പ്രസിഡന്റ് എൻ. മണികണ്ഠൻ , മൂഹമ്മദ് ഷനൂപ് , മൈലം കോട്ടിൽ നാസർ, കൃഷ്ണകുമാർ എന്നിവരാണ് വീട്ടു നിന്നത്. ഇവരോട് പാർട്ടി വിശദീകരണം ചോദിക്കുമെന്നാണ് അറിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam