
കൊച്ചി: തൃക്കാക്കര തോൽവിയിൽ പരിശോധനക്കൊരുങ്ങി സിപിഎം (CPIM). സ്ഥാനാർത്ഥിയെ സംസ്ഥാന നേതാക്കൾ അടിച്ചേൽപിച്ചതിൽ ജില്ലാ നേതൃത്വത്തിന്‍റെ പ്രതിഷേധം പുകയുന്നതിനിടെ സ്ഥാനാർത്ഥി നിർണ്ണയത്തെ ന്യായീകരിച്ച് പി.രാജീവ് (P.Rajeev) രംഗത്തെത്തി.എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേർന്നു.
എന്ത് കൊണ്ടു തോറ്റു.ഒറ്റ ചോദ്യത്തിൽ നിരക്കുന്നത് അനവധി ഉത്തരങ്ങൾ.എന്നാൽ പ്രധാന വീഴ്ച എന്തായിരുന്നു എന്നതിൽ സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ഉത്തരം സ്ഥാനാർത്ഥി നിർണ്ണയം തന്നെയാണ്. പാർട്ടി നേതാവിനെ തന്നെ രംഗത്തിറിക്കി രാഷ്ട്രീയ മത്സരം കാഴ്ചവെക്കണമെന്ന ജില്ലാ നേതൃത്വത്തിന്‍റെയും എം സ്വരാജിന്‍റെയും അഭിപ്രായം തള്ളി പോയത് മന്ത്രി പി.രാജീവിന്‍റെ സഭാ തിയറിയിലാണ്. ഉപതെരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന ഇപി ജയരാജൻ പി. രാജീവ് വിശ്വാസത്തിലെടുത്തു. എൽഡിഎഫ് കണ്‍വീനറെ പിണറായിയെയും കോടിയേരിയും വിശ്വാസത്തിലെടുത്തു.അങ്ങനെയാണ് ജോ ജോസഫ് എന്ന സ്ഥാനാർത്ഥി എത്തിയത്.പാർട്ടിക്കുള്ളിൽ അതൃപ്തിയേറുമ്പോഴും പി.രാജീവ് തൻ്റെ തീരുമാനത്തെ ഇപ്പോഴും ന്യായീകരിക്കുന്നു
ജില്ലാ നേതൃത്വത്തിന്‍റെ നിർദ്ദേശം പരിഗണിച്ചിരുന്നെങ്കിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നാണ് തോൽവിക്ക് ശേഷം സിപിഎം നേതൃത്വത്തിന്‍റെയും പ്രാഥമിക ബോധ്യം. ഇന്ന് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് മണ്ഡലം കമ്മിറ്റിയുടെ അവലോകനം പൂർത്തിയാക്കാൻ തീരുമാനിച്ചു. ഉടൻ താഴെ തട്ട് വരെ പരിശോധിക്കാനാണ് തീരുമാനം. 239ബൂത്തുകളിൽ 22 ഇടത്തും മാത്രം ലീഡ് ഒതുങ്ങിയത് സംഘടനാ സംവിധാനത്തിന്‍റെ ദൗർബല്യത്തിൽ ചോദ്യങ്ങൾ ഉയർത്തുന്നു. പാർട്ടി പരിശോധനയിൽ മേൽ തട്ടിലെ വീഴ്ചകൾക്കൊപ്പം അഡ്വ അരുണ്‍കുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള പ്രാഥമിക ധാരണ ചോർന്നതും ശ്രീനിജൻ എംഎൽഎ വരുത്തി വച്ച അബദ്ധവുമൊക്കെ ചർച്ചയ്ക്ക് എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam