
കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞു. എന്നാൽ, തന്‍റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയായിരുന്നു പഴയിടത്തിന്റെ വാക്കുകളിൽ.
ബ്രാഹ്മണിക്കൽ ഹെജിമണിയൊക്കെ ആരോപിച്ച് കലോത്സവ വേദിയിലെ പഴയിടത്തിന്റെ സസ്യാഹാര പാചകം നവമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടുമ്പോള്‍ പാർട്ടി പഴയിടത്തിനൊപ്പം തന്നെയെന്ന സന്ദേശവുമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ വി എൻ വാസവൻ കുറിച്ചിത്താനത്തെ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി സിപിഎം നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പണമെന്നാവശ്യപ്പെട്ടുണ്ടായയ വിവാദങ്ങളിലേക്ക് മന്ത്രി നേരിട്ട് കടന്നില്ലെങ്കിലും എല്ലാ പ്രതിസന്ധിയിലും സർക്കാരും പാർട്ടിയും പഴയിടത്തിനൊപ്പം ഉണ്ടാകുമെന്ന് വാസവൻ ഉറപ്പുനൽകി. നന്മ നിറഞ്ഞ മനസുള്ള തിരുമേനി എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഎം നേതാവ് പഴയിടത്തെ വിശേഷിപ്പിച്ചത്. അതേസമയം, സർക്കാർ പ്രതിനിധിയായല്ല, സ്വന്തം സഹോദരൻ എന്ന നിലയിലാണ് വാസവനെ കാണുന്നതെന്നു പറഞ്ഞ പഴയിടം കലോത്സവ പാചകത്തിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകാതെയാണ് മന്ത്രിയെ യാത്രയാക്കിയത്.
കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലുണ്ടായ നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായെന്നും പഴയിടം പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.
ബഫർ സോൺ : ആരെയും കുടിയിറക്കില്ല; വിശദീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam