
പത്തനംതിട്ട: കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെയും മുതിർന്ന നേതാവ് സജി ചാക്കോയെയും ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ തുറപ്പുചീട്ടാക്കാൻ സിപിഎം. പത്തനംതിട്ടയിലെ അസംതൃപ്തരായ കൂടുതൽ കോൺഗ്രസ് നേതാക്കളെ ഇടത് പാളയത്തിൽ എത്തിക്കാനുള്ള ദൗത്യമാണ് ഇരുവർക്കും സിപിഎം നൽകിയിരിക്കുന്നത്. അതിനിടെ പിജെ കുര്യൻ ഉൾപ്പെടെ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബാബു ജോർജ് രംഗത്തെത്തി.
ബാബു ജോർജിന് പി.ജെ. കുര്യനോടും അനുയായികളോടുമാണ് ദേഷ്യം കൂടുതൽ. കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട് പുറത്ത് നിൽക്കുമ്പോഴാണ് ബാബു ജോർജ്ജും സജി ചാക്കോയും സിപിഎമ്മിന് കൈകൊടുത്ത് നവകേരള സദസ്സ് വേദിലെത്തിയത്. ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും ഇരുവരും സിപിഎമ്മിന് തുറപ്പുചീട്ടാണ്. കോൺഗ്രസിന് ജില്ലയിൽ ബദൽ സംഘടന രൂപീകരിക്കാൻ തയ്യാറെടുത്തവരാണ് ബാബു ജോർജ്ജും സജി ചാക്കോയും. അന്ന് പിന്തുണച്ചെത്തിയ നേതാക്കളെയെല്ലാം ഇടതു പാളയത്തിൽ എത്തിക്കാനുള്ള പാലമായി സിപിഎം ഇരുവരെയും കാണുന്നു.
പാര്‍ട്ടിയിൽ പ്രാഥമിക അംഗത്വം നൽകി ഇരുവരെയും സിപിഎമ്മിന്‍റെ ഭാഗമാക്കും. പക്ഷെ കോൺഗ്രസിലെ പിളർപ്പ് പൂർണ്ണമാകുമ്പോൾ മാത്രം ഉചിതമായ സ്ഥാനം ഇരുവർക്കും നൽകുമെന്നാണ് സൂചന. മുൻപ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേക്കേറിയ പീലിപ്പോസ് തോമസ് ഉൾപ്പടെ നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് സിപിഎം വാഗ്ദാനം. ബാബു ജോർജ്ജിനും സജി ചാക്കോയ്ക്കും തൽകാലം മറുപടി നൽകേണ്ടെന്നാണ് കെപിസിസി നിർദേശം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്നറിയാതെ തമ്മിലടിച്ച് പലതട്ടായി നിൽക്കുകയാണ് പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് നേതൃത്വം. അതിനാൽ തന്നെ പാര്‍ട്ടിയിൽ കൊഴിഞ്ഞുപോക്കിനും സാധ്യതയേറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam