
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ പ്രദേശിക വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നുവെന്ന് വിലയിരുത്തൽ. പാര്‍ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളുടെ പിന്നില്‍ വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കളാണെന്നുമാണ് വിമർശം. പ്രാദേശിക വിഭാഗീയത പരിഹരിക്കാൻ നേതൃത്വം ഇടപെടണമെന്നും ഇതിനായി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സഖാക്കൾ കീഴ്ഘടകങ്ങളില്‍ നേരിട്ടെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ റിയാസിനെ പുകഴ്ത്തുകയും സ്വരാജിനെ ഉപദേശിക്കുകയും ചെയ്യുന്നതാണ് റിപ്പോർട്ട്.
പ്രാദേശിക വിഭാഗീയത പരിഹരിക്കാൻ നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുന്നില്ല, നേതാക്കളിൽ പലരും പക്ഷം പിടിച്ച് പിന്തുണ കൂട്ടാൻ ശ്രമിക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളിയിലടക്കം കണ്ടത് ഇതാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്ന സംസ്ഥാന നേതാക്കൾ അതിലൂടെ പാർട്ടിക്കെന്ത് ഗുണം എന്ന് കൂടി ചിന്തിക്കണം. ഫാൻസിനെ കൂട്ടൽ മാത്രമാകരുത് ലക്ഷ്യം. സ്റ്റേറ്റ് കമ്മിറ്റിയിലെ യുവ നിര കൂടുതൽ സജീവമാകണം. സെക്രട്ടേറിയറ്റ് അംഗങ്ങൾ മുൻകാല നേതാക്കളെ മാതൃകയാക്കണമെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം പ്രവർത്തന റിപ്പോർട്ടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.എ മുഹമ്മദ് റിയാസിനെ പ്രശംസിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ റിയാസിൻ്റേത് മികച്ച പ്രകടനമാണെന്നും മാധ്യമ വേട്ടയുടെ ഇരയാണ് അദ്ദേഹമെന്നും ദൈനംദിന രാഷ്ട്രീയ സംഭവങ്ങളിൽ സജീവമായത് കൊണ്ടാണ് റിയാസിനെ മാധ്യമങ്ങൾ ആക്രമിക്കുന്നതെന്നുമാണ് പറയുന്നത്. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ ചുമതല വഹിക്കുന്ന എം സ്വരാജ് സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ അവൈലബിൾ യോഗങ്ങളിൽ കൂടുതലായി പങ്കെടുക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെടുന്നു.
അസംബ്ലിയിലും പുറത്തും വിഷയങ്ങളിൽ പ്രതികരിച്ച് വ്യക്തത വരുത്തുന്ന മന്ത്രിയെന്നും എറണാകുളം ജില്ല കമ്മിറ്റീയെ സഹായിക്കാൻ ശ്രദ്ധിക്കുന്നുവെന്നും പി രാജീവിനെ പ്രശംസിക്കുന്നു. ശബരിമല തീർത്ഥാടനം കുറ്റമറ്റതാക്കിയതിൽ വിഎൻ വാസവനെയും പ്രശംസിക്കുന്നുണ്ട്. കടലോര മേഖലയിലെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നുവെന്ന് സജി ചെറിയാനെ പ്രശംസിക്കുന്നു. മന്ത്രി സ്ഥാനം രാജി വച്ചത് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. പികെ ബിജുവിനും പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. അവൈലബിൾ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നു. ക്യാമ്പയിൻ രംഗത്തും സംഘടനാ രംഗത്തും സജീവമാണെന്ന് സംഘടനാ റിപ്പോർട്ട് പറയുന്നു. തോമസ് ഐസക് അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ട് പറയുന്നു. കെ.എന്‍.ബാലഗോപാല്‍ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നല്ല പ്രവര്‍ത്തനം നടത്തുന്നു. കെ.കെ.ശൈലജ പാര്‍ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംങ്ങളുടെ പ്രവർത്തനം സംബന്ധിച്ച ഭാഗത്ത് പരാമർശിച്ചിട്ടുണ്ട്.
സാമ്പത്തിക അച്ചടക്കമില്ലായ്മയിലും വിമർശനം ഉയർന്നിട്ടുണ്ട്. വരവു ചെലവു കണക്കുകളിൽ ചില ഏര്യാകമ്മിറ്റികൾക്ക് ഗുരുതര വീഴ്ചയുണ്ടായി. വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളും വരവ് ചെലവ് കണക്ക് കൃത്യമാക്കണം. ജനപിന്തുണ കൂട്ടണം. പാർട്ടി അംഗം ബ്രാഞ്ചിലെ 10 വീടുകളിലെങ്കിലും അടുത്ത ബന്ധം ഉണ്ടാക്കണമെന്നാണ് സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നത്.