'ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് ഒരാൾ കുറ്റവാളിയാകുന്നില്ല'; സി എം രവീന്ദ്രൻ വിഷയത്തിൽ എ വിജയരാഘവൻ

By Web TeamFirst Published Dec 4, 2020, 12:48 PM IST
Highlights

ഏത് ആളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. അതിനെ മറ്റു തരത്തിൽ സി പി എം കാണുന്നില്ല. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അയാൾ കുറ്റവാളിയാകുന്നില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. 
 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് എ വിജയരാഘവൻ. ഏത് ആളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്. അതിനെ മറ്റു തരത്തിൽ സി പി എം കാണുന്നില്ല. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് അയാൾ കുറ്റവാളിയാകുന്നില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. 

വികസനവും അപവാദവും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നടക്കുന്നത്. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കാനാണ് യുഡിഎഫിന്റെ ശ്രമം. കെഎസ്എഫ്ഇ റെയ്ഡ് വിവാദം അടഞ്ഞ അധ്യായമാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും പാർട്ടിയും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. 

പിണറായി വിജയനെതിരായ ബിജു രമേശിൻ്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ,  മുഖ്യമന്ത്രിയെ വില കുറച്ചു കാണിക്കാനുള്ള ചോദ്യത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു എ വിജയരാഘവന്റെ മറുപടി. ബിജു രമേശിൻ്റെ എല്ലാ വെളിപ്പെടുത്തലും അന്വേഷിക്കാനാവില്ല. മൂർത്തമായ ആരോപണങ്ങളിൽ മാത്രമേ അന്വേഷണം സാധ്യമാകൂ. കെ.ബി.ഗണേഷ് കുമാർ ഇടതുപക്ഷത്തെ മികച്ച എംഎൽഎയാണ്. മറ്റ് കാര്യങ്ങളെ കുറിച്ച് അറിയില്ല. അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. 

click me!