
മലപ്പുറം: കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ സർക്കാർ നീക്കം. അള്ളി പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടുമെന്നാണ് മന്ത്രി കെ എം ഷാജിയുടെ പരസ്യ പ്രതികരണം. അതേസമയം, കിലയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കരാർ ജീവനക്കാർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ വിവിധ വകുപ്പുകളിലെ സിപിഎം കരാർ നിയമനങ്ങൾ റദ്ദാക്കുകയും, മറ്റ് നിയമനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുടുംബശ്രീ - കിലാ പദ്ധതികളിലെ സിപിഎം നിയമനങ്ങൾ അപ്പാടെ എടുത്ത് കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി കെ എം ഷാജി. മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്നവരാണ് കിലയിലും കുടുംബശ്രീയിലുമുള്ളത്. കിലയിൽ കഴിഞ്ഞ സർക്കാർ നിയമിച്ച കരാർ കഴിഞ്ഞ 28 ജീവനക്കാരെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെ തീരുമാനം മരവിപ്പിച്ചു.
82 വയസ്സുള്ള ആൾ വരെ ജോലി ചെയ്യുന്ന പദ്ധതിയിൽ ഉള്ളവർ പരിണിത പ്രജ്ഞരല്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. കുടുംബശ്രീയിൽ മാത്രം 2500 ന് മുകളിൽ താൽക്കാലിക ജീവനക്കാരുണ്ട്. കഴിഞ്ഞ സർക്കാർ പുതിയ പോസ്റ്റുകൾ ഉണ്ടാക്കി പാർട്ടി നിയമനങ്ങൾ നടത്തിയെന്നും വിമർശനം ഉയരുന്നു. തദ്ദേശ വകുപ്പിലെ കരാർ നിയമനങ്ങളിൽ പരിണിത പ്രജ്ഞരായവരെ കൊണ്ടുവന്ന് ഉടച്ചു വാർക്കലാണ് ലക്ഷ്യം. അതേസമയം, യുഡിഎഫിന് താല്പര്യമുള്ള ആളുകളെ നിയമിച്ചാൽ ലക്ഷ്യം ഉദ്ദേശിച്ച പോലെ പൂർത്തിയാകുമോ എന്നതും കണ്ടറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam