
തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധപതിച്ചു.
രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമ്മാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സിപിഎം സമൂഹത്തിന് തന്നെ ഭീഷണിയായ അത്തരം കൊടും ക്രിമിനലുകളെ പിന്നീട് സംരക്ഷിക്കുകയും ചെയ്യുമെന്നതാണ് ചരിത്രം. സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുകയും അത്തരം പ്രവർത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്താൽ അദ്ദേഹത്തിന് എതിരേയും കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
2015 ലെ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നിലപാട്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ്. ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതും സിപിഎമ്മാണ്. എന്തൊരു ഇരട്ടത്താപ്പാണിതെന്ന് സതീശൻ ചോദിച്ചു.
ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം നിർമ്മിക്കുന്നത്? കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രിയം കേരളത്തിന് ആവശ്യമില്ല. നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന ഇത്തരം രീതികളെ നഖശിഖാന്തം എതിർക്കുകയാണ് വേണ്ടത്. ഭാവി തലമുറയ പോലും ഉളുപ്പില്ലാതെ വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താൻ സിപിഎം ഇനിയെങ്കിലും തയാറാകണമെന്നും സതീശൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam