
തിരുവനന്തപുരം: സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി. അവസരവാദിയായ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി പി എം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണന്നും ഹസ്സന്‍ പറഞ്ഞു. സി പി എമ്മിന്റെ അടവ് നയം അല്ല ഇത് അടിയറവാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാരമോഹിയും അവസരവാദിയുമായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയ സി പി എം നടപടി പാലക്കാട് ബി ജെ പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയമാണ്. ദുര്‍ബലനായ ഒരാളെ സി പി എം പാലാക്കാട് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ മത്സരം യു ഡി എഫും ബിജെപിയും തമ്മിലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച വിജയം നേടുമെന്നും സി പി എമ്മില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണോ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നും ഹസന്‍ ചോദിച്ചു.
സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിലെ മോഹഭംഗമാണ് ഒരു രാത്രി കൊണ്ട് കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല എന്ന് പറയാന്‍ സരിന്‍ തയ്യാറായത്. സി പി എമ്മില്‍ അവസരം കുറഞ്ഞാല്‍ സരിന്‍ അവിടെ ഉണ്ടാകുമോ എന്നത് കാത്തിരുന്ന തന്നെ കാണാം. കോണ്‍ഗ്രസില്‍ ഒരു കോക്കസുമില്ല. സരിന്‍ പറയുന്നതെല്ലാം അവാസ്തവമാണ്. പിണറായി വിജയനും പി ശശിയും എ ഡി ജി പി അജിത് കുമാറും അടങ്ങുന്ന കോക്കസാണ് സി പി എമ്മിനെ നയിക്കുന്നതെന്ന് ഇത്രയും നാള്‍ പറഞ്ഞിരുന്ന സരിന്‍ ഇപ്പോള്‍ സി പി എമ്മിനെ സുഖിപ്പിക്കാനാണ് കോക്കസ് ആരോപണം കോണ്‍ഗ്രസിനെതിരെ തിരിക്കുന്നത്. കൃത്യമായ കൂടിയാലോചനകളിലൂടെ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നും എം എം ഹസന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam