
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ പിവി അന്‍വറിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സിപിഎം സംസ്ഥാന നേതൃത്വം. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ദില്ലിയില്‍ നാളെയും മറ്റന്നാളുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അന്‍വറിന്‍റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാൽ നേതൃത്വം കാണുന്നത്.
അന്‍വറിനോടുള്ള ബന്ധം വിച്ഛേദിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ സംസ്ഥാന നേതൃത്വം തുടര്‍നീക്കങ്ങളും നിരീക്ഷിക്കുകയാണ്. അടിക്കടി വാര്‍ത്താ സമ്മേളനം നടത്തി ഭീഷണി ആവര്‍ത്തിക്കുന്ന അന്‍വറിനോട് തിരിച്ചും അതേ സമീപനമെന്നാണ് നിലവിലെ പാര്‍ട്ടി ലൈന്‍. മലപ്പുറത്തടക്കം അന്‍വറിനെതിരെ പ്രതിഷേധം നടന്ന സാഹചര്യം നേതൃത്വം വിലയിരുത്തി. അന്‍വര്‍ നടത്താനിരിക്കുന്ന വിശദീകരണ യോഗത്തിലേക്കും സിപിഎം പ്രതിഷേധം സംഘടിപ്പിച്ചേക്കും. ഇതിനിടെ പ്രതിപക്ഷത്തിന് പിന്നാലെ അന്‍വര്‍ വിവാദം ഗവര്‍ണറും ഏറ്റെടുക്കുകയാണ്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയ ഗവര്‍ണ്ണര്‍ വിഷയം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയേക്കും. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് ഗവര്‍ണ്ണറുടെ നിലപാട്.
അജിത് കുമാറിന്‍റെ കാര്യത്തില്‍ സിപിഐ കടുപ്പിക്കുമ്പോള്‍, അന്‍വര്‍ വിവാദത്തിലെ സിപിഎം വിശദീകരണം തൃപ്തികരമല്ലെന്നാണ് ആര്‍ജെഡിയുംവ്യക്തമാക്കുന്നത്. സ്വതന്ത്രരുമായുള്ള സഹകരണത്തില്‍ സിപിഎമ്മിന്റെ ജാഗ്രത കുറവിനെയും ആര്‍ജെഡി ചോദ്യം ചെയ്യുന്നു. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം ഏറെ കരുതലോടെ നീങ്ങണമെന്ന കേന്ദ്ര നിേതൃത്വത്തിന്‍റെ നിര്‍ദ്ദേശമുള്ളപ്പോൾ തന്നെയാണ് ഒന്നൊഴിയാതെ വിവാദങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam