ഹീറോ പരിവേഷത്തിൽ പിണറായി; പൗരത്വ പ്രക്ഷോഭവും യുഎപിഎയും ചര്‍ച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി

By Web TeamFirst Published Jan 16, 2020, 12:55 PM IST
Highlights

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഹീറോ പരിവേഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ട്ടിയും സര്‍ക്കാരും യുഎപിഎക്കെതിരാണെങ്കിലും കോഴിക്കോട്ടെ കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്  മുഖ്യമന്ത്രി 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാറുമായുള്ള കേരളത്തിന്‍റെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കരുത്ത് പകരാൻ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം നാളെ തിരുവനന്തപുരത്ത് തുടങ്ങും. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് കേന്ദ്ര കമ്മിറ്റി ചേരുന്നത്. കേന്ദ്ര നിയമത്തിനെതിരെ ഒറ്റക്കെട്ടായി കേരളത്തെ അണിനിരത്താൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞെന്ന വിലയിരുത്തലിനിടെയാണ് തുടര്‍ സമരപരിപാടികളും പ്രക്ഷോഭങ്ങളും ചര്‍ച്ച ചെയ്യാൻ സിപിഎം നേതൃത്വം തിരുവനന്തപുരത്ത് സംഗമിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ കേന്ദ്ര കമ്മിറ്റിയോഗത്തിന് ഉണ്ട്. 

ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം നടക്കുന്നത്. പ്രതിപക്ഷത്തെയും മതസാമുദായിക നേതൃത്വങ്ങളെയും എല്ലാം അണിനിരത്തി നടത്തിയ സംയുക്ത സമരത്തിനും  കേന്ദ്ര നിയമത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി കേരളഘടകവും ഇപ്പോൾ ദേശീയനേതൃത്വത്തിന് മുന്നില്‍ ഹീറോ പരിവേഷത്തിലാണ്.

ഇതിനെല്ലാം പുറമെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ ഫയൽ ചെയ്ത സ്യൂട്ട് ഹര്‍ജിയും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ എതിരാളികളില്‍ പോലും അംഗീകാരമുണ്ടാക്കിയ പിണറായി വിജയന്‍റെ രാഷ്ട്രീയനീക്കങ്ങളും പാര്‍ട്ടി ഘടകങ്ങളില്‍ വലിയ ചര്‍ച്ചയാണ്. പിണറായി വിജയനും കേരളഘടകത്തിനും പൂര്‍ണ അംഗീകാരം  നല്‍കികൊണ്ടായിരിക്കും കേന്ദ്രത്തിനെതിരെയുള്ള പുതിയ സമരപരിപാടികള്‍ പാര്‍ട്ടി ആലോചിക്കുക.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കടുത്ത നിലപാടിനെ പ്രശംസിക്കുമ്പോൾ തന്നെ പാര്‍ട്ടിനയത്തിന് വിരുദ്ധമായി പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിൽ പാര്‍ട്ടിക്കകത്ത് വലിയ വിമര്‍ശനവും പിണറായി വിജയൻ നേരിടുന്നുണ്ട്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റിലായി യുഎപിഎ ചുമത്തപ്പെട്ട അലനും താഹക്കും എതിരായ കേസ് ഇപ്പോൾ എൻഐഎ ഏറ്റെടുത്തിട്ടുമുണ്ട്. 

തുടര്‍ന്ന് വായിക്കാം: മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം: അലനും താഹയും...

രണ്ട് യുവാക്കൾക്കെതിരെ അതും സിപിഎം പ്രവര്‍ത്തകരായിരുന്ന രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ  സീതാറാം യച്ചൂരിയും പ്രകാശ്കാരാട്ടുമടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും യുഎപിഎ ക്കെതിരാണെങ്കിലും കോഴിക്കോട്ടെ കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ച്  നില്‍ക്കുകയാണ്.  ഈ വൈരുദ്ധ്യം കഴിഞ്ഞ പിബി യോഗത്തിലും ചര്‍ച്ച ചെയ്തിരുന്നില്ല. യോഗത്തിന്‍റെ അജണ്ടയില്‍ ഈ വിഷയം ഇല്ലെങ്കിലും  ആരെങ്കിലും കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇതുന്നയിക്കുമോ എന്നും എല്ലാവരും ഉറ്റുനോക്കുകയാണ്.

പൗരത്വനിയമത്തിനെതിരെ 26ന് സംസ്ഥാനത്ത് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ വിശദാംശങ്ങളും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. ചികിത്സക്കായി അമേരിക്കയിലായതിനാല്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കില്ല. എംവി ഗോവിന്ദന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാന സെന്‍ററാണ് ക്രമീകരണങ്ങളെല്ലാം ചെയ്യുന്നത്.
മുഴുവന്‍ കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ക്കും താമസം ഇഎംഎസ് അക്കാദമിയില്‍ തന്നെയാണ്. 

 

click me!