
തിരുവനന്തപുരം: എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു.
എസ്എഫ്ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികൾ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്‍റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്ഐ മൂല്യങ്ങളുടെ കാര്യത്തില്‍ താഴേക്ക് പോയത്. ഇത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ശ്രദ്ധ ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായി.
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ അപവാദപ്രചരണങ്ങളാണ് നടക്കുന്നത്. ഈ അപവാദങ്ങളെ പ്രതിരോധിക്കാൻ മറുപടിപ്രചാരണം ശക്തമാക്കണം. ഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി.
യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും വിമർശനം ഉയർന്നിരുന്നു.വിഷയത്തിൽ എസ്എഫ്ഐ കൈക്കൊണ്ട നടപടികളും പൊലീസിന്‍റെ കാര്യക്ഷമമായ അന്വേഷണവും താഴെ തട്ട് വരെ റിപ്പോർട്ട് ചെയ്യാനാണ് സിപിഎമ്മിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam