
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ സിപിഎം അന്വേഷണം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡികെ മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. ആൾമാറാട്ടത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. തട്ടിപ്പിൽ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎമാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഎമ്മിന് കത്ത് നൽകിയിരുന്നു.
കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റത്തിനാണ് കേരള സർവ്വകലാശാല നൽകിയ പരാതിയിലെ കേസ്. സർവ്വകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് നൽകിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു. കാട്ടാക്കട പൊലീസ് എടുത്ത കേസ് ആൾമാറാട്ടത്തിനും വ്യാജ രേഖചമക്കലിനും വിശ്വാസ വഞ്ചനക്കുമാണ്. സമാന ആവശ്യം ഉന്നയിച്ച് കെഎസ് യു സംസ്ഥാന പ്രസിഡണ്ട് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാതിരുന്നത് ചർച്ചയായിരുന്നു. സംഭവത്തിൽ കക്ഷിയില്ലാത്ത ആൾ നൽകിയ പരാതിയിൽ കേസെടുത്താൽ നിലനിൽക്കില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ പ്രധാനകക്ഷിയായ സർവ്വകലാശാല പരാതി നൽകിയതോടെയോണ് കേസെടുക്കേണ്ടിവന്നത്.
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം: പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവ് വിശാഖിനുമെതിരെ കേസ്
കേസെടുത്തതോടെ സിപിഎം നേതാക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്യുമോ എന്നാണ് അറിയേണ്ടത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് എ വിശാഖിനെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനാക്കാനായിരുന്നു ആൾമാറാട്ടം. ജില്ലയിലെ സിപിഎം നേതൃത്വത്തിൻറെ അറിവോടെയാണ് നീക്കമെന്ന സൂചനകൾ ശക്തമാണ്. പ്രതിപക്ഷം ജി സ്റ്റീഫൻറെ പങ്ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും നേതാക്കൾ അറിയാതെ ഇത്തരം സംഭവം നടക്കുമോ എന്ന വിമർശനം ഉയർന്നു. അതിന് പിന്നാലെയാണ് കാട്ടാകട എംഎൽഎ ഐബി സതീഷും അരുവിക്കര എംഎൽഎ ജി സ്റ്റീഫനും സംഭവത്തിൽ പങ്കില്ലെന്ന് കാണിച്ചും അന്വേഷണം ആവശ്യപ്പെട്ടും പാർട്ടിയെ സമീപിച്ചത്. നിലവിൽ തട്ടിപ്പ് ജില്ലാ കമ്മിറ്റി നിർദ്ദേശപ്രകാരം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് അന്വേഷിക്കുന്നത്. എംഎൽഎമാരുടെ പരാതി വന്ന സാഹചര്യത്തിൽ സംഭവം സംസ്ഥാന കമ്മിറ്റി അന്വേഷിക്കും. അപ്പോഴും എംഎൽഎമാർ അന്വേഷണം പാർട്ടിയോട് ആവശ്യപ്പെട്ട് എല്ലാം പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam