
മലപ്പുറം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ (SFI) പ്രവർത്തകൻ ധീരജ് (Dheeraj Murder) യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും സംഘർഷാവസ്ഥ തുടരുന്നു, മലപ്പുറം ചെറുകോട് കോൺഗ്രസ് - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ബോർഡുകൾ നശിപ്പിച്ചെന്ന് പരസ്പ്പരം ആരോപിച്ചാണ് ഇരുവിഭാഗവും എറ്റുമുട്ടിയത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്നും മാറ്റി. തിരുവനന്തപുരത്തെ കെ സുധാകരന്റെ വീട്ടിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കൊല്ലം പള്ളിമുക്കിലും കോൺഗ്രസ് സിപിഎം സംഘർഷം ഉണ്ടായി. കോൺഗ്രസിന്‍റെ കൊടിമരം പുനസ്ഥാപിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിച്ചിരുന്നു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.
വിലാപയാത്ര കണ്ണൂരിൽ, തളിപ്പറമ്പിലെ വീട്ടിലെത്തിക്കും; വഴി നീളെ അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ
ധീരജിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിൽ പ്രവേശിച്ചു. തളിപ്പറമ്പിലെ വീട്ടിലെത്തിച്ച ശേഷം രാത്രിയോടെ സംസ്കാരമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രമൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എംഎം മണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. ഇടുക്കിയിൽ നിന്ന് ജില്ലകൾ പിന്നിട്ട് കണ്ണൂരിലേക്കുള്ള ധീരജിൻ്റെ വിലാപയാത്രയിൽ വഴിനീളെ പ്രവർത്തകർ അന്ത്യാഭിവാദ്യമേകി.
പ്രധാന കേന്ദ്രങ്ങളിലെല്ലാം ധീരജിന് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകർ തടിച്ച് കൂടി, ഉറക്കെ മുദ്രാവാക്യം വിളിച്ചു. ജന്മനാട്ടിൽ ധീരജിന്‍റെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തളിപ്പറമ്പിൽ വൈകുന്നേരം നാല് മണി മുതൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ് സിപിഎം ഓഫീസിലും പൊതുദർശനമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എത്ര വൈകിയാലും സംസ്കാരം ഇന്ന് തന്നെ നടത്തുമെന്നാണ് സിപിഎം പ്രവർത്തകർ അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam