'ഞാൻ മീൻ മുറിക്കുവായിരുന്നു, പെട്ടെന്നാണ് ഹെൽമറ്റിട്ട് കയറി വന്നത്'; സിപിഎം കൗൺസിലർ മാല മോഷ്ടിച്ച സംഭവം; ഞെട്ടൽ മാറാതെ ജാനകിയമ്മ

Published : Oct 18, 2025, 07:57 PM IST
cpm gold theft

Synopsis

കേസിലെ പ്രതിയായ നഗരസഭ സിപിഎം കൗൺസിലർ പിപി രാജേഷിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേഷിനെ പാർട്ടിയിൽ നിന്നും സിപിഎം പുറത്താക്കി.

കണ്ണൂർ: അജ്ഞാതനായ ഒരാൾ മാല പൊട്ടിച്ചുകൊണ്ടു പോയതിന്റെ ഞെട്ടലിൽനിന്ന് കണ്ണൂർ കൂത്തുപറമ്പ് കണിയാർകുന്ന് വീട്ടിൽ 77കാരിയായ ജാനകിയമ്മ ഇതുവരെ മുക്തയായിട്ടില്ല. അതേസമയം മാല പൊട്ടിച്ചയാളെ പൊലീസ് പിടികൂടിയതിന്റെയും മാല തിരികെ കിട്ടിയതിന്റെയും ആശ്വാസവുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാനകിയുടെ ഒരു പവന്റെ മാല അ‍ജ്ഞാതനായ ഹെൽമറ്റ് ധരിച്ച ആൾ പൊട്ടിച്ചോടിയത്. കേസിലെ പ്രതിയായ നഗരസഭ സിപിഎം കൗൺസിലർ പിപി രാജേഷിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേഷിനെ പാർട്ടിയിൽ നിന്നും സിപിഎം പുറത്താക്കി.

‘'ഇതുവഴി കുട്ടികളെയും കൊണ്ട് സ്കൂളിൽ പോകുന്നത് കണ്ടിട്ടുണ്ട്. രാജേഷിനെ പരിചയമില്ല, ഞാൻ മീൻ മുറിക്കുവായിരുന്നു. പെട്ടെന്നാണ് കയറി വന്നത്. ഇതെന്താ ഹെൽമറ്റ് ഇട്ട് കയറിവന്നതെന്ന് ചോദിച്ചപ്പോഴേയ്ക്കും എന്റെ കഴുത്തിൽ പിടിച്ചു. പിന്നെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കഴുത്തിലുള്ളത് കൊണ്ടുപോയി എന്ന് കരഞ്ഞു കൊണ്ട് ഞാൻ പിന്നാലെ ഓടി. എന്റെ കാല് വയ്യ, എന്നാലും ഞാൻ പിന്നാലെ ഓടി. എന്റെ കരച്ചിൽ ആരും കേട്ടില്ല, പിന്നെയാണ് ആളുകളെല്ലാം ഓടിക്കൂടിയത്. താലിമാലയായിരുന്നു കൊണ്ടുപോയത്. കിട്ടിയത് അറിഞ്ഞപ്പോ സമാധാനമായി.’' അന്നത്തെ സംഭവത്തെക്കുറിച്ച് ജാനകിയമ്മ പറയുന്നതിങ്ങനെ. അറിയുന്ന ആളാണെന്നും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജാനകിയമ്മയുടെ മകളും പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30ക്ക് കൂത്തുപറമ്പ് കണിയാർ കുന്നിലാണ് കൗൺസിലറുടെ മോഷണം. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന 77കാരിയായ ജാനകിയുടെ ഒരു പവനിലേറെ തൂക്കമുള്ള സ്വർണ മാല, ഹെൽമെറ്റ് ധരിച്ചുവന്ന രാജേഷ് പൊട്ടിച്ചോടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും അൽപദൂരം പിന്നാലെ ഓടി ജാനകി. അയൽവാസികൾ എത്തുമ്പോഴേക്കും സ്കൂട്ടിയിൽ ഇയാൾ കടന്നു കളഞ്ഞു. പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൂരിയാട് ഭാഗത്ത് നിന്ന് പഴയനിരത്ത് റോഡ് വഴി പോയ ഒരു സ്കൂട്ടി തിരിച്ചറിഞ്ഞു. എന്നാൽ നമ്പർ പ്ലേറ്റുകൾ മറച്ചിരുന്നു. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ചതിന് പുറമേ മാസ്കും ഇട്ടതിനാൽ പ്രതിയെ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. വിശദമായ അന്വേഷണത്തിലാണ് തൊട്ടടുത്ത വാർഡിലുള്ള കൗൺസിലറായ രാജേഷിനെ പിടികൂടുന്നത്. ഇയാളിൽ നിന്നും തൊണ്ടിമുതലും കണ്ടെടുത്തു.

വീട്ടിൽ ജാനകി മാത്രമാണുള്ളത് എന്ന് മനസ്സിലാക്കി, മോഷണത്തിനായി കരുതിക്കൂട്ടി എത്തുകയായിരുന്നു പ്രതി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് സമീപമാണ് മോഷണം നടന്ന വീട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പാർട്ടിക്കുണ്ടായ വലിയ നാണക്കേടിന്റെ പശ്ചാത്തലത്തിലാണ് കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പി പി രാജേഷിനെ സിപിഎം പുറത്താക്കിയത്.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം