
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ സി പി എമ്മും സി പി ഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമുണ്ടായില്ല. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിലെത്തി എൽ ഡി എഫ് കൺവീനറും മുതിർന്ന സി പി എം നേതാവുമായ ടി പി രാമകൃഷ്ണൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ ചർച്ച നടത്തിയെങ്കിലും ധാരണയൊന്നും ആയിട്ടില്ല. പുറത്തുപറയാൻ തക്ക തീരുമാനങ്ങളിൽ എത്തിയിട്ടില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് ടി പി പ്രതികരിച്ചത്. വരും ദിവസങ്ങളിലെ കൂടുതൽ കൂടിയാലോചനകളിലൂടെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം പ്രത്യാശ പങ്കുവച്ചു. ഇരുപാർട്ടികൾക്കുമിടയിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും കൂടിയാലോചനകൾ തുടരുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സി പി എമ്മിനും സി പി ഐക്കും ഒരേ രാഷ്ട്രീയമാണുള്ളതെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സി പി ഐയും, കീഴ്വഴക്കം ചൂണ്ടിക്കാട്ടി സി പി എമ്മും ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ചർച്ചകൾ എങ്ങനെ അവസാനിക്കും എന്നത് കണ്ടറിയണം.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിണറായി വിജയന്‍റെയും എം വി ഗോവിന്ദന്‍റെയും വാദങ്ങൾക്കെതിരെ തുറന്നടിച്ചാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ഇന്നലെ രംഗത്തെത്തിയത്. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കീഴ്വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്ഥാനവും ഒരു പാർട്ടിക്ക് എന്ന രീതി മാറണമെന്നും ബിനോയ് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നോ കൊംപ്രമൈസ് എന്ന് കൂടിയാണ് അദ്ദേഹം വ്യക്തമാക്കിയത്. കീഴ്വഴക്കമാണ് സി പി എമ്മിന്‍റെ പ്രതിരോധമെങ്കിൽ അത് തിരുത്തിയേ പറ്റൂ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കുമ്പോൾ മുന്നണിയിൽ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. കോടിയേരിയുടെ വഹിച്ചതിൻറെ കീഴ് വഴക്കമാണ് സിപിഎം വാദമെങ്കിൽ അത് അംഗീകരിക്കാനില്ലെന്നാണ് സിപിഐ മെസേജ്. പ്രതിപക്ഷനേതാവ് പിണറായിക്കൊപ്പം ഉപനേതാവ് പദവിയിൽ ബാലഗോപാൽ എന്നാണ് സി പി എം കരുതുന്നത്. പദവി ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കിലും ഉപനേതാവിനെ പോലെ സഭാ സമ്മേളനത്തിൽ ബാലഗോപാൽ ഇടപെട്ട് തുടങ്ങിയിരുന്നു. എന്നാൽ പിണറായിക്ക് അടുത്തുള്ള കസേര കെ രാജന് വേണ്ടി വേണമെന്ന പഴയ നിലപാടിൽ തന്നെ തുടരുകയാണ് സി പി ഐ. ഇരുപക്ഷവും നിലപാടിൽ ഉറച്ചതോടെ സമവായസാധ്യത മങ്ങി എൽ ഡി എഫ് യോഗമടക്കം നീണ്ടുപോകുമ്പോൾ വീണ്ടും ചർച്ചക്ക് കൈ കൊടുത്തത് സി പി എമ്മായിരുന്നു. ഇത് പ്രകാരമാണ് എം എൻ സ്മാരകത്തിലേക്ക് എൽ ഡി എഫ് കൺവീനർ നേരിട്ടെത്തി ചർച്ച നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam