
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടാതെ സിപിഎം. കോൺഗ്രസിന്റെ ധാർമികത അനുസരിച്ച് തീരുമാനമെടുക്കട്ടെ എന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്‍റെ നിലപാട്. വിഷയം ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി.
അതേസമയം, എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെ, ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് എംഎൽഎ അയച്ച് വാട്ട്സ് ആപ്പ് സന്ദേശം പുറത്ത് വന്നു. പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് സമ്മർദ്ദ സന്ദേശങ്ങള്‍ അയച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചെന്നും അതിന് ദൈവം നിനക്കും കുടുംബത്തിനും തക്കതായ മറുപടി നൽകുമെന്നാണ് സന്ദേശം. പണത്തിന് വേണ്ടിയുള്ള കൊതി തീർക്കുമ്പോൾ സ്വന്തം ചിന്തിക്കുക, താൻ അതിജീവിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്നലെ പുലർച്ചെ 2.30ക്കാണ് സന്ദേശമെത്തിയത്. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സാക്ഷിയ്ക്ക് എംഎൽഎ സന്ദേശമയച്ചത്.
'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും' - വാട്ട്സ് ആപ്പ് സന്ദേശമിങ്ങനെ.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കർ എ എൻ ഷംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam