യോഗിയുടെ സന്ദേശം, യുഡിഎഫ്-ബിജെപി ഡീൽ, വെള്ളാപ്പള്ളി, പദ്മകുമാർ, തോൽവിയുടെ കാരണങ്ങൾ നിരത്തി സിപിഎം; പിണറായിക്ക് സംരക്ഷണം, പാർട്ടിയിലും നേതൃമാറ്റമില്ല

Published : Jun 09, 2026, 06:50 PM IST
cpm

Synopsis

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യവും യുഡിഎഫ്-ബിജെപി ഡീലുമാണെന്ന് സിപിഎം. വെള്ളാപ്പള്ളിയുടെ പരാമർശം, യോഗിയുടെ സന്ദേശം തുടങ്ങിയ വിഷയങ്ങളിലെ പിഴവുകൾ പാർട്ടി ഏറ്റുപറഞ്ഞു. തോൽവിയിൽ പിണറായിയെ സംരക്ഷിക്കുന്നതാണ് സിപിഎം നിലപാട്

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളും സി പി എമ്മിന് പറ്റിയ ദൗർബല്യങ്ങളും എണ്ണിയെണ്ണി പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘടനാ സംവിധാനം സംസ്ഥാന വ്യാപകമായി ദയനീയമായി പരാജയപ്പെട്ടതിന്‍റെ നേർചിത്രമാണ് 2 ദിവസത്തെ നേതൃയോഗങ്ങൾക്ക് ശേഷം എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് കാണിച്ചത്. ഭരണ വിരുദ്ധ വികാരം അല്ല തോൽവിക്ക് കാരണമെന്ന് വിശദീകരിച്ച സംസ്ഥാന സെക്രട്ടറി, സി പി എമ്മിന് സംഘടനാ ദൗർബല്യം എല്ലാ ഘടകങ്ങളിലും പ്രകടമായെന്ന് വ്യക്തമാക്കി. ഭരണകാലത്തെ വിവാദ വിഷയങ്ങളിൽ തെറ്റ് ഏറ്റ് പറയാനും സി പി എം തയ്യാറായി. അയ്യപ്പ സംഗമത്തിൽ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റായിപ്പോയെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ പദ്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായി. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ പരാമർശങ്ങളെ വിമർശിക്കാത്തതും പ്രഹരമായെന്ന് സി പി എം സംസ്ഥാന സമിതി വിലയിരുത്തിയതായി സെക്രട്ടറി വ്യക്തമാക്കി. തളിപറമ്പിൽ പി കെ ശ്യാമള സ്ഥാനാർത്ഥിയായതിന്‍റെ പഴി കണ്ണൂർ ജില്ലാ ഘടകത്തിന്‍റെ തലയിലേക്കാണ് ഗോവിന്ദൻ ചാരിയത്. വ്യക്തിപരമായി ഒരു പങ്കും ഇല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിലും പിണറായിയെ സംരക്ഷിക്കുന്നതായിരുന്നു സി പി എം സംസ്ഥാന സമിതിയുടെ നിലപാട്. പാർട്ടിയിലും നേതൃമാറ്റമുണ്ടാകില്ലെന്നും വ്യക്തമായി. തെരഞ്ഞെടുപ്പ് തോൽവിക്ക് യു ഡി എഫ് - ബി ജെ പി ഡീലും കാരണമായെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

വെള്ളാപ്പള്ളി, യോഗി സന്ദേശം, പദ്മകുമാർ

വെള്ളാപ്പള്ളിയുടെ മുസ്ലീം വിരുദ്ധ പ്രസ്ഥാവനയെ വേണ്ട വിധം പ്രതിരോധിച്ചില്ല എന്ന സംശയം ജനങ്ങളിലുണ്ടായിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചു. ഈ സംശയം ദുരീകരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. പക്ഷേ വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പ്രസ്താവനയെ ഒരു തരത്തിലും ന്യായീകരിച്ചിട്ടില്ലെന്നും ഗോവിന്ദൻ വിവരിച്ചു. പക്ഷേ വെള്ളാപ്പള്ളിയെ തള്ളിയതിന്‍റെ ഊക്ക് കുറഞ്ഞെന്ന അഭിപ്രായമാണ് സി പി എമ്മിന് ഇപ്പോൾ ഉള്ളത്. വെള്ളാപ്പള്ളി വർഗീയമായ പരാമർശം നടത്തിയതിനോട് ഞങ്ങൾക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പസംഗമം സർക്കാർ സംഘടിപ്പിച്ചതിലൊന്നും പ്രശ്നം ഇല്ല. പക്ഷെ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു. സ്വർണ്ണക്കൊള്ള കേസിൽപ്പെട്ട പദ്മകുമാറിനെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായി.

യു ഡി എഫ് - ബി ജെ പി ഡീൽ

തെരഞ്ഞെടുപ്പ് തോൽവിക്ക് യു ഡി എഫ് - ബി ജെ പി ഡീലും കാരണമായെന്നാണ് സി പി എം വിലയിരുത്തൽ. 30 മണ്ഡലങ്ങളിൽ യു ഡി എഫ് വോട്ട് ബി ജെ പിക്ക് നൽകി. യു ഡി എഫിന് ജയിക്കാനാകാത്ത ഇടങ്ങളിൽ ബി ജെ പിക്ക് വോട്ട് തിരിച്ചും നൽകി. എന്തുകൊണ്ട് പിണറായിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നില്ല എന്നത് ഡീലിന്റെ ഭാഗമായി ഉയർന്ന ചോദ്യമാണ്. രാഹുൽ ഗാന്ധിയുടെ നിലപാട് പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കത്തിന്‍റെ ഭാഗമായിരുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു. മംഗലാപുരം യാത്രാവിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. എംജി സർവ്വകലാശാല വി സി നിയമനത്തിൽ സർക്കാരിന് നിലപാടില്ല. കാവി വത്കരണത്തിനെതിരെ ഒരു നിലപാടും യു ഡി എഫ് സർക്കാരിന് ഇല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേരളത്തിൽ മൂന്നിടത്ത് ബി ജെ പി ജയിച്ചത് ഗൗരവതരമാണ്. കൃത്യമായ അജണ്ട വച്ചാണ് കോൺഗ്രസ് - ബി ജെ പി വോട്ടുകൾ പരസ്പരം കൈമാറിയത്. തെരഞ്ഞെടുപ്പ് തോൽവിക്ക് സ്വത്വരാഷ്ട്രീയം കാരണമായെന്ന അഭിപ്രായമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഏതെങ്കിലും ഒരു വിഭാഗം ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തി എന്നൊന്നും പറയാനില്ല. എസ് ഐ ആർ ഭീതി യു ഡി എഫ് നന്നായി ഉപയോഗിച്ചു. മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവിന് മുസ്ലീം ലീഗ് ശ്രമിച്ചു. മതനിരപേക്ഷ ഉള്ളടക്കത്തിന് ഇതെല്ലാം വലിയ ഭീഷണിയാണ്. മൂന്ന് സീറ്റ് കിട്ടിയിട്ടും ബി ജെ പി വോട്ടിൽ ആറ് ശതമാനം കുറവുണ്ടായി. അത് പോയത് കോൺഗ്രസിലേക്കാണ്. ബി ജെ പി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് മൂന്നാം സ്ഥാനത്താണ്. സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. യു ഡി എഫ് അനുകൂല കള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനായില്ലെന്നും ഗോവിന്ദൻ വിവരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ചാർജ് പതിനൊന്നിരട്ടിയാക്കി'; പിൻവലിക്കണമെന്ന് എസ്എഫ്ഐ
'മുന്‍കൂര്‍ ജാമ്യം തിരിച്ചടിയായി കാണുന്നില്ല'; തുടര്‍ നടപടി പരിശോധിച്ച ശേഷമെന്ന് രമേശ് ചെന്നിത്തല