ബൂത്ത് തലം മുതൽ പുനസംഘടന, കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് പിടിച്ച് നിൽക്കാനാവില്ല: കെ സുധാകരൻ

Published : Jun 09, 2021, 09:49 AM IST
ബൂത്ത് തലം മുതൽ പുനസംഘടന, കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് പിടിച്ച് നിൽക്കാനാവില്ല: കെ സുധാകരൻ

Synopsis

കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ

തിരുവനന്തപുരം: കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനസംഘടനയുണ്ടാകും. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായ ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ. എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അതൊക്കെ മനസിലാക്കുന്നു. ഈ നേതൃപദവി നൽകിയതിന് ഹൈക്കമാന്റിന് നന്ദി. വിജയിച്ച കെപിസിസി പ്രസിഡന്റാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

'എനിക്ക് ഗ്രൂപ്പില്ല, ചെന്നിത്തലയുമായി സഹകരിച്ചിരുന്നു. ഗ്രൂപ്പിന്റെ വക്താവായിരുന്നില്ല ഒരിക്കലും. ഗ്രൂപ്പിനതീതമായി പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യം. മറ്റെല്ലാ വികരങ്ങൾക്കും അതീതമായി പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കേണ്ട സമയമാണ് ഇതെന്ന് എല്ലാ നേതാക്കളും പ്രവർത്തകരും മനസിലാക്കണം. കഴിവില്ലാത്തവർ നേതൃത്വത്തിൽ വന്നതാണ് പാർട്ടി പരാജയപ്പെടാൻ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോൾ പാർട്ടിയിൽ അപചയം സംഭവിച്ചു.'

'കെപിസിസിക്ക് 51 അംഗ കമ്മിറ്റിയാണ് മനസിലുള്ളത്. നേതാക്കളുടെ എണ്ണമല്ല വണ്ണമാണ് കാര്യം. ഓരോ ആൾക്കും വ്യത്യസ്തമായ സ്വഭാവം, ശൈലി, സംസാരം ഒക്കെയുണ്ട്. അത് സെൽഫ് ഐഡന്റിറ്റിയാണ്. ഞാനിങ്ങനെയാണ്, അതിൽ മാറ്റമുണ്ടാകില്ല. അടിത്തട്ടിൽ നിന്ന് വന്നവനോ കെട്ടിയിറക്കിയവനോയല്ല താൻ. താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്നവനാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ പരുക്കൻ സ്വഭാവമുണ്ട്. അത് ആരെയും അലോസരപ്പെടുത്തുന്നതല്ല.'

സിപിഎമ്മിന് ഭയം

'താൻ കെപിസിസി പ്രസിഡന്റായപ്പോൾ സിപിഎമ്മിനും പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബിക്കുമൊക്കെ ഭയമുണ്ട്. തന്നിലൂടെ കോൺഗ്രസ് കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളെ കുറിച്ചുള്ള ആശങ്കയാണ് അവർക്ക്. ഇടതുപക്ഷത്തിന്റെ എൻഒസി വാങ്ങിവേണ്ട എനിക്ക് ബിജെപിയിൽ പോകാൻ. കോൺഗ്രസിൽ പ്രവർത്തിച്ച് മരിക്കാനാണ് ആഗ്രഹം. കോൺഗ്രസ് ഉണർന്നാൽ പിടിച്ചുനിൽക്കാനാവില്ലെന്ന് സിപിഎം ഭയക്കുന്നുണ്ട്. വ്യക്തിഹത്യ ചെയ്യുന്നതും വ്യക്തികളെ തേജോവധം ചെയ്യുന്നതും സിപിഎം രീതിയാണ്. തന്നെയും വ്യക്തിപരമായി പലതവണ തേജോവധം ചെയ്തിട്ടുണ്ട്.'

'കേരളത്തിൽ ബിജെപി ദുർബലമാണ്, ശക്തരല്ല. കേരളത്തിൽ ഒരിക്കലും ശക്തി നേടാൻ ബിജെപിക്ക് കഴിയില്ല. ഇവിടെ സിപിഎമ്മിന്റെ ഫാസിസവും ഏകാധിപത്യവുമാണ് നിലനിൽക്കുന്നത്. എതിർക്കപ്പെടേണ്ടത് സിപിഎമ്മാണ്. അഖിലേന്ത്യാ തലത്തിൽ ബിജെപിക്കും മോദിക്കും എതിരെ താൻ സംസാരിക്കുന്നുണ്ട്. അതൊക്കെ വിമർശിക്കുന്നവർ എടുത്ത് കാണണം. പാർട്ടിയിൽ ഒരുപാട് മാറ്റങ്ങളുണ്ടാവും.' മുന്നണി വിട്ട് പോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി