
കണ്ണൂര്‍: ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാൻ വിശാല മതേതര സഖ്യം വേണം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതില്‍ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറി. യുക്രൈന്‍ യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.
അത്യുജ്ജലമായാണ് സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം കുറിച്ചത്. പിണറായിയും കേരളഘടകവും ഉദ്ഘാടനത്തിലും നടത്തിപ്പിലും ഉടനീളം നിറഞ്ഞുനിന്നു. അണിഞ്ഞൊരുങ്ങിയ സമ്മേളന വേദിയിൽ മുതിർന്ന അംഗം എസ് രാമചന്ദ്രൻ പിള്ള പിബി അംഗം എന്ന നിലയിലുള്ള തന്‍റെ അവസാന പാർട്ടി കോൺഗ്രസിന് പതാക ഉയർത്തി. ചേർത്തുനിർത്തി യെച്ചൂരി പ്രസംഗ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് രക്തസാക്ഷി സ്തൂപത്തിൽ പിബി അംഗങ്ങളും നേതാക്കളും അഭിവാദ്യമർപ്പിച്ചു. ഹരിശ്രീ അശോകൻ, മധുപാൽ, ഷാജി എൻ കരുൺ, ശ്രീകുമാർ, കൈതപ്രം, ഗായിക സയനോര തുടങ്ങിയവർ പാർട്ടി കോൺഗ്രസിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam