
കൊച്ചി: ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരു വിവാഹം (Marriage) കഴിച്ചത് കൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി (Kerala high court). പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ സ്ത്രീയുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിയെ ചോദ്യം ചെയ്ത് യുവാവ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.
ലൈംഗിക ബന്ധത്തിന് യുവതി അനുവാദം നൽകിയെന്നത് വ്യക്തമാണെന്ന് കോടതി പറഞ്ഞു. യുവാവ് അനുവാദം വാങ്ങിയത് വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. ശാരീരിക ബന്ധത്തിനു മുമ്പ് പ്രതി കാര്യങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സാഹചര്യങ്ങൾ കൂടി വിലയിരുത്തി കേസിൽ തീരുമാനമെടുക്കണമെന്നു കോടതി പറഞ്ഞു. പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു.
പ്രതിയും യുവതിയും 10 വർഷത്തിലേറെ പ്രണയത്തിലായിരുന്നു. ബന്ധത്തിനിടെ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. യുവതിയെ വിവാഹം ചെയ്യാൻ പ്രതി ഉദ്ദേശിച്ചിരുന്നു. എന്നാൽ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യാൻ പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ല. കേസിൽ യുവാവ് വാഗ്ദാനം ലംഘിച്ചെന്നത് വ്യക്തമാണ്. എന്നാൽ വ്യാജ വാഗ്ദാനം നൽകിയെന്നു പറയാനാകില്ല. ലൈംഗിക ബന്ധത്തിനായി വസ്തുതകൾ മറച്ചു യുവതിയുടെ അനുവാദം വാങ്ങിയെന്നും പറയാനാകില്ല. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam