
തൃശ്ശൂർ: തൃശ്ശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി സിപിഎം. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ തട്ടിപ്പ് നേരത്തെ തന്നെ സിപിഎം അറിഞ്ഞിരുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്.
ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സിപിഎം നേരത്തെ അറിയുകയും പാർട്ടി തലത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. കരുവന്നൂർ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണം എന്ന് സിപിഎം രണ്ടംഗ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നതാണ്. രണ്ട് മാസം മുമ്പാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. പരാതികൾ വ്യാപകമായതോടെയാണ് പാർട്ടി അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഷാജൻ, മുൻ എംപി പി കെ ബിജു എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.
കഴിഞ്ഞ ദിവസമാണ് സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തിരിമറി പുറത്ത് വന്നത്. വർഷങ്ങളായി നടന്നത് വൻ വായ്പാ തട്ടിപ്പാണെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പാ തുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ്. ഇത്തരത്തിൽ പെരിഞ്ഞനം സ്വദേശി കിരണിൻ്റെ അക്കൗണ്ടിലെത്തിയത് 23 കോടി രൂപ. ഇരിങ്ങാലക്കുട സ്വദേശി സായ് ലക്ഷ്മിയുടെ പേരിലെടുത്തത് 3 കോടി രൂപ വായ്പയാണ്.
എന്നാൽ ഇക്കാര്യം അവർ അറിയുന്നത് വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയപ്പോൾ മാത്രമാണ്. നേരത്തെ വായ്പയ്ക്കായി നൽകിയ രേഖകൾ ഉപയോഗിച്ച് മറ്റൊരാൾക്ക് വായ്പ നൽകുകയായിരുന്നു. ചട്ടപ്രകാരം ഒരു വ്യക്തിക്ക് 50 ലക്ഷം രൂപ മാത്രമെ വായ്പ അനുവദിക്കാവൂ. ഇത് മറികടന്നും പലർക്കും വായ്പ അനുവദിച്ചു.
ബാങ്ക് സെക്രട്ടറി ഉൾപ്പെടെ ആറ് ജീവനക്കർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ജീവനക്കാരെ മാത്രം പ്രതികളാക്കി രക്ഷപ്പെടാനാണ് ഭരണ സമിതിയുടെ ശ്രമമെന്ന് നാട്ടുകാരും ബിജെപി പ്രവർത്തകരും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam