
ഇടുക്കി : മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനിൽക്കെ, കോടതിയെ വെല്ലുവിളിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വർഗീസ് പറയുന്നു. അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടിൽ പട്ടിണികിടക്കുമ്പോഴും പൈസ നൽകി സഖാക്കൾ നിർമ്മിച്ച ഓഫീസുകളാണിത്. നിയമപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് നേരിടുമെന്നും സിവി വർഗീസ് പറഞ്ഞു. ശാന്തൻപാറ സിപിഎം ഓഫീസ് കേസിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് സി വി വർഗീസിനോട് ഇന്നലെ നിർദേശിച്ചിരുന്നു.
അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടർക്കോ എതിരെയും സംസാരിക്കാൻ പാടില്ല. കോടതി ഉത്തരവുകൾ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇത് കാറ്റിൽ പറത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമർശം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശാന്തൻപാറയിൽ സിപിഎം ഓഫീസ് നിർമ്മിച്ചതിന് ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുത്തു. രാഷ്ട്രീയ പാർട്ടികൾക്ക് എന്തും ആകാമോ എന്ന് ചോദിച്ച ഹൈക്കോടതി ശാന്തൻപാറിയിലെ ഓഫീസ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗിക്കുന്നത് വിലക്കി.കോടതിയലക്ഷ്യം കാട്ടിയിട്ടില്ലെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന് ഉൽകണ്ഠ ഇല്ലെന്നും സിവി വർഗീസ് പ്രതികരിച്ചു.
സ്റ്റോപ് മെമ്മോ അവഗണിച്ച് ശാന്തൻപാറിയിലും ബൈസൺവാലിയും സിപിഎം ഓഫീസ് നിർമ്മിച്ചെന്ന് കണ്ടെത്തി എല്ലാ നിർമ്മാണവും നിർത്തിവെക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരെ അണിനിരത്തി കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ശാന്തൻപാറയിൽ ഓഫീസ് നിർമ്മാണം തുടർന്നു. പിന്നാലെ ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുത്തു. കോടതി ഉത്തരവ് കിട്ടാത്തത് കൊണ്ടാണ് നിർമ്മാണവുമായി മുന്നോട്ട് പോയതെന്നായിരുന്നു സിപിഎം വാദം. എന്നാൽ കേസിൽ കക്ഷിയായ സി വി വർഗീസിന് ഉത്തരവിനെക്കുറിച്ച് അജ്ഞത നടിക്കാനാകില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയാണ് സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. എന്നാൽ ഇതെല്ലാം കാറ്റിൽപറത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പുതിയ പ്രതികരണം വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam