സിപിഎമ്മിലെ ഫണ്ട് തിരിമറി ആരോപണം; പയ്യന്നൂർ എംഎൽഎ ഉൾപ്പെടെ 6 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

Published : Jun 04, 2022, 06:51 AM IST
സിപിഎമ്മിലെ ഫണ്ട് തിരിമറി ആരോപണം; പയ്യന്നൂർ എംഎൽഎ ഉൾപ്പെടെ 6 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

Synopsis

അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകി; കർശന നടപടി ആവശ്യപ്പെട്ട് പയ്യന്നൂരിൽ നിന്നുള്ള നേതാക്കൾ; ഈ മാസം 12ന് ജില്ലാ കമ്മിറ്റി ചേരും

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തിൽ ടി.ഐ.മധുസൂധനൻ എംഎൽഎ ഉൾപ്പെടെ ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സിപിഎം. അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് പാർട്ടിയുടെ നോട്ടീസ്. വിവാദം ഒതുക്കിത്തീർക്കാൻ നേതൃത്വം ആദ്യം ശ്രമിച്ചെങ്കിലും പയ്യന്നൂരിൽ  പാർട്ടിക്കുള്ളിലുണ്ടാകുന്ന പൊട്ടിത്തെറി ഭയന്നാണ് നടപടിയിലേക്ക് കടക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ ചർച്ചയില്ലാതെ ഒതുക്കിവച്ച പയ്യന്നൂർ  ഫണ്ട് തിരിമറി ആരോപണത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ സപിഎം നടപടിയിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന  ജില്ലാ കമ്മറ്റി യോഗം വിഷയം ചർച്ച ചെയ്തു. അച്ചടക്ക നടപടിയിലേക്ക് കടന്ന് പാർട്ടിയുടെ പ്രതിച്ഛായ കളയാതെ പ്രശ്നം ഒത്തുതീർക്കണമെന്ന നിർദ്ദേശം ഇ.പി.ജയരാജൻ മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി വേണമെന്ന് പയ്യന്നൂരിൽ നിന്നുൾപ്പെടെയുള്ള നേതാക്കൾ നിലപാട് എടുത്തതോടെയാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. പയ്യന്നൂർ എംഎൽഎ, ടിഐ മധുസൂധനൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ടി.വിശ്വനാഥൻ, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ.പി.മധു തുടങ്ങിയവരാണ് വിശദീകരണം നൽകേണ്ടത്. നോട്ടീസ് കൈപ്പറ്റിയവരിൽ നിന്നും മറുപടി വാങ്ങിയശേഷം 12 ന് ചേരുന്ന ജില്ലാ കമ്മറ്റിയിൽ അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകുമെന്നാണ് വിവരം.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. കെട്ടിട നിർമ്മാണ ഫണ്ടിൽ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. ആരോപണം നേരിടുന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ പയ്യന്നൂരെ പാർട്ടിക്കുള്ളിലെ  വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ഇത് രണ്ടാം തവണയാണ് കോടിയേരിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്.

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു