
കണ്ണൂർ: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി രണ്ടുപേരെ ഉൾപ്പെടുത്തി. എം സി രാഘവൻ, എം ശ്രീധരൻ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. കെ വി സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും പുതുതായി ഉൾപ്പെടുത്തിയതായും വിപുലീകൃത ജില്ലാ കമ്മിറ്റി സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പാർട്ടി നടപടികളെടുക്കും. ന്യൂനപക്ഷവിഭാഗം നേരത്തേ കണ്ണൂരിൽ ഇടതുപക്ഷത്തോട് ചേർന്നുനിന്നിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ മുസ്ലീംലീഗ് മുൻകൈയെടുത്തു. ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ നുണ പ്രചരിപ്പിച്ചു. വർഗീയ പ്രചാരണങ്ങളടക്കം നടത്തി. ഇതെല്ലാം കണക്കിലെടുത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പാർട്ടി വലിയ ഇടപെടൽ നടത്തും. ക്രൈസ്തവ വിഭാഗം കൂടി ഉൾപ്പെടുന്നതാണ് ന്യൂനപക്ഷം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പ്രവർത്തനം നടത്തും. സിപിഎം വിശ്വാസികൾക്ക് എതിരാണെന്ന് പ്രചാരണം നടത്തുന്നുണ്ട്. സിപിഎം വിശ്വാസികൾക്ക് എതിരല്ല. വിശ്വാസത്തയല്ല, വർഗീയതയെയാണ് പാർട്ടി എതിർക്കുന്നത്.
പയ്യന്നൂർ, തളിപ്പറമ്പ് പോലെയുള്ള സ്ഥലങ്ങളിൽ വോട്ട് ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇവിടങ്ങളിൽ പാർട്ടിയിൽ നിന്നും അകന്നവരെ ചേർത്ത് നിർത്തുന്നത്തിനു വേണ്ടിയുള്ള ക്ഷമാപൂർവ്വമുള്ള ഇടപെടൽ നടത്തും. മത ന്യൂനപക്ഷങ്ങളിൽപെട്ട ഒരാളെ കണ്ണൂരിൽ സ്ഥാനാർഥി ആക്കേണ്ടതായിരുന്നു. ആ പിഴവ് കേന്ദ്ര കമ്മിറ്റി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമർശനപരമായി വിലയിരുത്തി.
പയ്യന്നൂരിലെ വീഴ്ചയിൽ പരിശോധന പൂർത്തിയായ ശേഷം സംഘടനാപരമായ നടപടി എടുക്കും. പയ്യന്നൂരിലെ സ്ഥിതി അല്ല തളിപ്പറമ്പിൽ. തളിപ്പറമ്പ് മണ്ഡലം പഴയ പോലെയല്ല. ആ കാര്യം സ്ഥാനാർഥിയുടെ കാര്യത്തിലും കണക്കിലെടുക്കണമായിരുന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു.
പി പി ദിവ്യയെ പാർട്ടി അകറ്റിനിർത്തിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു. പി പി ദിവ്യയുടെ പേരിൽ ഇപ്പോൾ കേസുണ്ട്. അവരെ തിരിച്ചു പദവിയിലേക്ക് കൊണ്ട് വരേണ്ടതൊക്കെ ആ കേസ് കഴിയുമ്പോൾ ആലോചിക്കേണ്ട കാര്യമാണ്. അവർ ഇപ്പോളും പാർട്ടിയുടെ ഭാഗമാണ്. അകറ്റിനിർത്തിയിട്ടില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam