
കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുൻ എംഎൽഎ ടി ഐ മധുസൂദനനെ തള്ളാതെ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി കൊലവിളി നടത്തിയത് ആർക്കും പ്രശ്നമല്ലല്ലോ എന്നാണ് കെ കെ രാഗേഷിന്‍റെ ചോദ്യം. ടി ഐ മധുസൂദനൻ മുഖ്യന്ത്രിയും എം എൽ എ യും അല്ല. മുഖ്യമന്ത്രി 'ചോരയ്ക്ക് ചോര' എന്ന് പറഞ്ഞതിനെ കുറിച്ച് ആദ്യം ചോദിക്കുക. ചോരയ്ക്ക് ചോര എന്നത് കടുത്ത പ്രയോഗമാണ്. അതിനേക്കാൾ വലുതല്ല പകരത്തിന് പകരം എന്നത്. മുഖ്യമന്ത്രിയേക്കാൾ വലുതല്ല മധുസൂദനൻ എന്നും കെ കെ രാഗേഷ് ന്യായീകരിച്ചു. മുഖ്യമന്ത്രിക്ക് എതിരെ ആദ്യം സ്വമേധയാ കേസെടുക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആലപ്പുഴയിൽ ക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും എന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാക്കുകളാണ് കെ കെ രാഗേഷ് പരാമർശിച്ചത്.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ മധുസൂദനൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചീമേനിയിൽ അഞ്ചു പേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പരാമർശിച്ച മധുസൂദനൻ, എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്നും പറഞ്ഞു. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗത്തിലെ മറ്റു പരാമർശങ്ങൾ. വി. കുഞ്ഞികൃഷ്ണനെ 'രാഷ്ട്രീയ നപുംസകം' എന്ന് വിശേഷിപ്പിച്ച മധുസൂദനൻ, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാ ട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മധുസൂദനൻ ഭീഷണി മുഴക്കി. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകി.
വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നത് പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ല. കലാപാഹ്വാനം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇവ വിശകലനം ചെയ്തശേഷം തുടർനടപടികൾ ആലോചിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. വിവാദ പരാമർശം പിൻവലിക്കണമെന്നും സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധുസൂദനൻ്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ മുരളീധരനും രംഗത്തെത്തി. കാലത്തിൻ്റെ മാറ്റം സിപിഎം മനസ്സിലാക്കണം. ഇത്തരം അക്രമവും കൊലവിളിയുമാണ് പയ്യന്നൂർ സീറ്റ് പാർട്ടിക്ക് കൈവിട്ടുപോകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജെൻസി കാലഘട്ടത്തിൽ ചെലവാകാത്ത മുദ്രാവാക്യങ്ങളാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ഉയർത്തുന്നതെന്നും ഇത് സിപിഎമ്മിനെ കൂടുതൽ നാശത്തിലേക്കാണ് നയിക്കുകയെന്നും മുരളീധരൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam