ലോക്സഭയിലേത് താത്കാലിക തിരിച്ചടി, ശക്തമായി തിരിച്ച് വരും; കേന്ദ്രകമ്മിറ്റിയില്‍ സിപിഎം കേരള ഘടകം

By Web TeamFirst Published Jun 7, 2019, 8:48 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ച് വരുമെന്ന് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റിയിലാണ് കേരള ഘടകം നിലപാട് അറിയിച്ചത്. 

ദില്ലി: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം കേരള ഘടകം. ലോക്സഭാ തെരഞ്ഞെടുപ്പിലേത് താൽക്കാലിക തിരിച്ചടി മാത്രമാണ്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റിയിലാണ് കേരള ഘടകം നിലപാട് അറിയിച്ചത്. അതേസമയം ബംഗാളിൽ പാർട്ടി അനുഭാവികളുടെ വോട്ട് മാത്രമേ ബിജെപിക്ക് ചോർന്നിട്ടുള്ളൂവെന്ന് ബംഗാൾ ഘടകം ആവർത്തിച്ചു. അനുഭാവികളുടെ വോട്ടുകൾ ആരുടെയും കുത്തകയല്ലെന്നും ബംഗാൾ ഘടകം പറഞ്ഞു. 

പശ്ചിമബംഗാളിൽ പാർട്ടി അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോർന്നത് വൻ തകർച്ചക്ക് ഇടയാക്കി. ഇക്കാര്യത്തിൽ വലിയ തിരുത്തലുകൾ വേണ്ടിവരും. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്‍റെ അവലോകനം പിബിയിൽ ഒരു വിഭാഗം വിയോജിക്കുകയാണ്.

ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും.

click me!