
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥർ അതിന് എതിരാണെന്നും പി മോഹനൻ വിമര്‍ശിച്ചു. മെഡിക്കൽ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് പി മോഹനന്‍ കുറ്റപ്പെടുത്തുന്നത്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ രണ്ട് പേര്‍ ഒഴികെ അടുത്ത ദിവസം തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ പൊലീസ് അന്വേഷിക്കുന്നതില്‍ സിപിഎം ഒരിക്കലും എതിര്‍ത്തിട്ടില്ല. ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതിൽ ഇടപെടുകയും ചെയ്തിട്ടില്ല. പക്ഷേ അന്വേഷണത്തിന്‍റെ മറവില്‍ പൊലീസ് നിരപരാധികളെ ഭീഷണിപ്പെടുത്തുകയാണെന്നും പി മോഹനൻ കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ഡോക്ടറുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെന്നും പൂർണ്ണ ഗർഭിണിയായ പ്രതിയുടെ ഭാര്യയുടെ പിന്നാലെ പോയി പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നു. പ്രസവിച്ചാൽ കുട്ടിയെ അച്ഛനെ കാണിക്കില്ല എന്നാണ് പൊലീസുകാർ ഭീഷണിപ്പെടുത്തിയത്. രാജ്യദ്രോഹികളെ പോലെ ഭീകരവാദികളെ പോലെയാണ് പ്രതികളോട് പെരുമാറുന്നതെന്നും പുതിയ പൊലീസ് കമ്മീഷണര്‍ ചാര്‍ജ് എടുത്തതിന് ശേഷമാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ പൊലീസ് കമ്മീഷണർ അനാവശ്യമായി ഇടപെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പി മോഹനൻ വിമര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രതികളെയും സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം ഒളിവിൽ പാർപ്പിച്ചിട്ടില്ലെന്നും അങ്ങനെ ഒളിവിൽ പാർപ്പിച്ചാൽ പൊലീസിന് കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam