
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിക്ക് ശുപാർശ. മുൻ എംഎൽഎ കൂടിയായ നേതാവ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമാണ് ജില്ലാ കമ്മറ്റിയുടെ ശുപാർശ. സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷമാണ് നടപടി പ്രഖ്യാപിക്കുക.
ഇന്നുചേർന്ന ജില്ലാ കമ്മിറ്റിയാണ് ഉന്നത നേതാവിനെതിരെ നടപടിയെടുക്കുന്നത് പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറിയും യോഗത്തിനെത്തിയിരുന്നു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ് നേതാവ്. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും പോഷക സംഘടനകളുടെ ഭാരവാഹിത്വത്തിൽനിന്നും നീക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗുരുതരമായ ആരോപണമാണ് നേതാവിനെതിരെ ഉയർന്നത്. രണ്ടംഗ കമ്മീഷനാണ് ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്. നടപടിയെടുക്കുമെന്ന് ഉറപ്പുണ്ടായിട്ടും ഇദ്ദേഹം ഇന്ന് കമ്മിറ്റിക്കെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയിൽ ആരും നേതാവിനെ പിന്തുണച്ചില്ല.