കെഎസ്ഇബി തർക്കത്തിൽ സിപിഎം ഇടപെടുന്നു: എകെ ബാലനും മന്ത്രി കൃഷ്ണൻകുട്ടിയും ഇന്ന് ചർച്ച നടത്തും

By Web TeamFirst Published Apr 11, 2022, 9:52 AM IST
Highlights

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ചാണ് ചർച്ച. സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്

പാലക്കാട്: കെ എസ് ഇ ബിയിലെ വിവാദമായ തർക്കത്തിൽ സി പി എം ഇടപെടുന്നു. സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് നിലവിലെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ചാണ് ചർച്ച. സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.

ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം കൊണ്ടാണ് താനിത് പറയുന്നതെന്നും കെ എസ് ഇ ബിയിലെ പ്രശ്നങ്ങളിൽ പരമാവധി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ എകെ ബാലൻ മന്ത്രിയുമായി സംസാരിച്ചിരുന്നു. തുടർ ചർച്ചയാണ് ഇന്ന് പാലക്കാട് നിശ്ചയിച്ചിരിക്കുന്നത്.

കെ എസ് ഇ ബി (kseb)ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷന്‍റെ (officers association)ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹം(indefinite satyagrahm) ആരംഭിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്‍റേയും സെക്രട്ടറി ബി ഹരികുമാറിന്‍റേയും സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്‍റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. 

പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തില്‍ മാനേജ്മെന്‍റിനോട് നിസ്സഹകരണം നടത്തും. നാളെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമര സഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

കെ എസ് ഇ ബിയിലെ യൂണിയൻ നേതാക്കളുടെ ആരോപണങ്ങൾ തള്ളുകയാണ് ചെയർമാൻ ബി അശോക്. സംഘടനകൾ സാമാന്യ മര്യാദ പുലർത്തണമെന്നാവശ്യപ്പെട്ട അദ്ദേഹം, ഓഫീസേഴ്സ് അസോസിയേഷൻ യൂണിയൻ നേതാക്കൾ തിരുത്തലിന് തയ്യാറായാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും പ്രതികരിച്ചു. അസോസിയേഷൻ നൽകുന്ന നിവേദനത്തിന് അനുസരിച്ച് കെ എസ് ഇ ബിക്ക് നീങ്ങാനാകില്ല. സ്മാർട്ട് മീറ്റർ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആർക്കും കഴിയില്ലെന്ന് മാത്രമാണ് പറയാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാധ്യമങ്ങൾ പറയുന്നത്ര പ്രശ്നങ്ങൾ കമ്പനിയില്ലെന്ന നിലപാടാണ് ബി അശോക് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആദ്യം തന്നെ സ്വീകരിച്ചത്. കെഎസ്ഇബി മികച്ച പ്രവർത്തന നേട്ടം കൈവരിച്ച കാലയളവാണിതെന്നും  എല്ലാവർക്കും ആ സന്തോഷത്തിൽ ചേരാനാകാത്തതിൽ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!