
കോഴിക്കോട്: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോഴിക്കോട് താമരശ്ശേരിയിൽ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഫിനിയ. ഭർത്താവ് ഷാജിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാരിയായ ഫിനിയ ആരോപിച്ചു. തന്നെയും അമ്മയെയും ഷാജി നിരന്തരം മർദിച്ചു. പീഡനം സഹിക്കാനാകാതെ ഒരുവ വർഷം മുമ്പ് പൊലീസിൽ പരാതി നൽകി. എന്നാൽ താമരശേരി സ്റ്റേഷനിലെ എസ്ഐ ഷാജിക്കൊപ്പം നിന്ന് കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്. തന്നെ നിർബന്ധിച്ച് ഒപ്പിടുവിച്ചാണ് കേസ് ഒത്തു തീർപ്പാക്കിയെന്നും ഫിനിയ കുറ്റപ്പെടുത്തുന്നു.
വർഷങ്ങളായി ഷാജിയില്‍നിന്നും തനിക്ക് ക്രൂരമർദനമേല്‍ക്കുന്നുണ്ടെന്ന് ഫിനിയ പറയുന്നു. ഉപദ്രവം സഹിക്കാനാകാഞ്ഞപ്പോഴെല്ലാം പൊലീസിന് മുന്നില്‍ പരാതിയുമായെത്തിയത്. എന്നാല്‍ എപ്പോഴും ഷാജിക്കൊപ്പമാണ് പൊലീസ് നിന്നത്. ഒരു വർഷം മുന്‍പ് അമ്മയെയും തന്നെയും വീട്ടില്‍വച്ച് ഷാജി മർദിച്ചപ്പോഴാണ് പരാതി എഴുതി നല്‍കിയത്. തുടർന്ന് ഷാജി സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചതോടെ കേസ് ഒത്തുതീർപ്പാക്കാന്‍ എസ്ഐയടക്കം നിർബന്ധിച്ചുവെന്നും ഫിനിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഫിനിയ പരാതി രേഖാമൂലം നല്‍കിയതായി അറിയില്ലെന്നാണ് താമരശേരി പോലീസിന്‍റെ പ്രതികരണം, കേസ് നിർബന്ധിച്ച് ഒത്തുതീർപ്പാക്കിയിട്ടില്ലെന്നും സിഐ പറഞ്ഞു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷാജിയും കേസില്‍ പ്രതിയായ മൂന്ന് കുടുംബാംഗങ്ങളും ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം താമരശേരിയിലെ ഇവരുടെ വീട്ടില്‍ ഫിനിയെയെത്തിച്ച് പൊലീസ് തെളിവെടുത്തു. ഷാജി മർദിക്കാനുപയോഗിച്ച സാധനങ്ങൾ ഫിനിയ പോലീസിന് കണ്ടെത്തി നല്‍കി.
കോഴിക്കോട് താമരശേരിയില്‍ സൈക്കിൾ വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ടതിന് ഒമ്പത് വയസുകാരിയുടെ മേല്‍ പിതാവ് തിളച്ചവെള്ളമൊഴിച്ച് പൊള്ളിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. കുട്ടിയുടെ അമ്മയുടെ ഫിനിയയുടെ ചെവിയും ഭർത്താവ് ഷാജി കടിച്ചു പരിക്കേൽപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരകൃത്യങ്ങളും പൊലീസിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയും ഫിനിയ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മകൾ സൈക്കിൾ വേണമെന്ന് ഷാജിയോട് ആവശ്യപ്പെട്ടതോടെയാണ് മകൾക്ക് നേരെ ആക്രമുണ്ടായതെന്നാണ് ഫിനിയ പറയുന്നത്. പണം ചിലവാക്കാനാവിലെന്ന് പറഞ്ഞ് ഷാജി തന്നെയും മകളെയും ആക്രമിച്ചു. മർദനത്തില്‍ മകളുടെ കൈ ഒടിയുകയും തന്റെ ഇടത് ചെവി കടിച്ചു പറിക്കുകയും ചെയ്തു. തടയാന്‍ മകൾ ശ്രമിച്ചപ്പോഴാണ് അടുപ്പിലുണ്ടായിരുന്ന തിളച്ച വെള്ളമെടുത്ത് മകളുടെ ശരീരത്തിലൊഴിച്ചതെന്നും ഫിനിയ പറഞ്ഞു. മുതുകിൽ സാരമായി പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിനിയയുടെ പരാതിയില്‍ ഭർത്താവ് ഷാജിക്കും 3 കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 406,323, 324 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് താമരശേരി പൊലീസ് കേസെടുത്തത്. ഇതുവരെയും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പന്ത്രണ്ട് വർഷം മുന്‍പാണ് താമരശേരി സ്വദേശി ഷാജിയും കക്കോടി സ്വദേശി ഫിനിയയും വിവാഹിതരായത്. വിവാഹത്തിന് സമ്മാനമായി വീട്ടുകാർ തന്ന ആഭരണങ്ങളടക്കം ഷാജി കൈക്കലാക്കിയതായും, കൂടുതല്‍ പണം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായും ഫിനിയ പോലിസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
<
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam