
തിരുവനന്തപുരം: പിണറായി സർക്കാർ നിയമിച്ച ലോകായുക്തയ്ക്കെതിരെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായ ജലീൽ ഒന്നിന് പിന്നാലെ ഒന്നായി ആക്ഷേപങ്ങൾ തുടരുമ്പോൾ പിന്തുണ നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ മന്ത്രി കെ ടി ജലീലിൻ്റെ പരാമർശങ്ങൾ തള്ളി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനടക്കമുള്ളവർ രംഗത്തെത്തി കഴിഞ്ഞു. ലോകായുക്തയെക്കുറിച്ച് ജലീൽ നടത്തിയത് വ്യക്തിപരമായ പരാമർശങ്ങളാണെന്ന് പറഞ്ഞ ആനത്തലവട്ടം, വ്യക്തികൾക്കെതിരെ പറയുന്നത് പാർട്ടി നയമല്ലെന്നും വിശദീകരിച്ചു. ജലീലിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂട്ടിച്ചേർത്തു.
ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ വിമർശനങ്ങളിൽ പിന്തുണയില്ലെന്ന പാർട്ടി നിലപാട് തന്നെയാണ് ആനത്തലവട്ടം ഉയർത്തിയതെന്നാണ് വിലയിരുത്തൽ. വിധി പറഞ്ഞ ന്യായാധിപനെ വർഷങ്ങൾക്ക് ശേഷം അനാവശ്യവിവാദങ്ങളിലേകക് വലിച്ചിഴക്കേണ്ടെന്നാണ് സിപിഎം നിലപാട്. ലോകായുക്ത നിയമഭേദഗതിക്കായുള്ള രാഷ്ട്രീയപ്രചാരണം ശക്തമാക്കുമ്പോഴും വ്യക്തിപരമായ ആക്ഷേപം വേണ്ടെന്നാണ് പാർട്ടി സമീപനം. അതിനിടെ ജലീലിനെ ഘടകക്ഷിയായ സിപിഐയും കൈവിട്ടു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ ജലീലിനെതിരെ വിമർശനവുമായി രംഗത്തെത്തി. ജലീലിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജലീൽ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണെന്നും ജലീൽ പറഞ്ഞത് അദ്ദേഹത്തിൻ്റെ അനുഭവത്തിലെ കാര്യങ്ങളാകാമെന്നും കാനം കൂട്ടിചേർത്തിരുന്നു.
അതേസമയം അഭിപ്രായങ്ങളിൽ ഒറ്റപ്പെടുമ്പോഴും കൂടുതൽ കൂടുതൽ ശക്തമായ വിമർശനവുമായി ജലീൽ വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. മൂന്നരവർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധിപുറപ്പെടുവിച്ചു. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനാണെന്നും കുറിച്ച് തുടങ്ങിയ ജലീൽ ഇപ്പോഴും വിമർശനം തുടരുകയാണ്. ലോകായുക്ത നിയമന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും അതിനാൽ മറ്റു മാർഗ്ഗങ്ങളില്ലാതെ സർക്കാർ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നുമുള്ള പരിഹാസമാണ് ഏറ്റവും ഒടുവിലത്തേതായി പുറത്തുവന്നത്. അതുകൊണ്ട് തന്നെ ലോകായുക്തയെ നിയമിച്ചത് ഇടത് സർക്കാരാണെന്ന കാരണം ചൂണ്ടികാട്ടി ആരും ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് കയറണ്ടന്നും ജലീൽ കുറിച്ചിരുന്നു. അതേസമയം ജലീലിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ട് ലോയെഴ്സ് കോണ്‍ഗ്രസ് ലോകായുക്തക്ക് പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam