ലോകായുക്തയെ നിയമിച്ചത് ഇടത് സർക്കാരാണെന്ന കാരണം ചൂണ്ടികാട്ടി ആരും ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് കയറണ്ടന്നും ജലീൽ

മലപ്പുറം: ലോകായുക്തിയ്ക്കെതിരെ (Lokayukta) പരിഹാസവുമായി വീണ്ടും കെ ടി ജലീൽ എം എൽ എ രംഗത്ത്. ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും ജലീൽ പറഞ്ഞു. അതിനാൽ മറ്റു മാർഗ്ഗങ്ങളില്ലാതെ സർക്കാർ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതുകൊണ്ട് തന്നെ ലോകായുക്തയെ നിയമിച്ചത് ഇടത് സർക്കാരാണെന്ന കാരണം ചൂണ്ടികാട്ടി ആരും ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് കയറണ്ടന്നും ജലീൽ കുറിച്ചു.

ജലീലിൻ്റെ കുറിപ്പ് പൂർണരൂപത്തിൽ

ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്. 
അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്‌ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട.

അതിനിടെ ലോകായുക്തക്കെതിരായ ആക്ഷേപത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാൻ ലോകായുക്തയിൽ ഹർജിയെത്തി. ലോയോഴ്സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ ലോകായുക്തയെന്ന ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഹർജി. അതിനാൽ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാണ് ആവശ്യം.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ചെയ്യാൻ മടിക്കാത്ത ആളാണെന്നടക്കം ജലീൽ ആരോപണമുന്നയിച്ചിരുന്നു.. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ സഹോദര ഭാര്യ ജാൻസി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വിമർശിച്ചിരുന്നു.

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെയിറക്കി വ്യാജ ആരോപണങ്ങള്‍, വിമർശിച്ച് ഉമ്മന്‍ ചാണ്ടി

ആരോപണങ്ങളിൽ സിപിഎം നേതൃത്വം കൈയ്യൊഴിയുമ്പോഴും ലോകായുക്തക്കെതിരെ ജലീൽ ഉയർത്തുന്നത് കടുത്ത ആക്ഷേപങ്ങളാണ്. മൂന്നരവർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധിപുറപ്പെടുവിച്ചെന്നടക്കം ജലീൽ ആക്ഷേപം ഉന്നയിച്ചിരുന്നു.