കഞ്ചാവ് കടത്ത്; സിപിഎം നേതാവിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

By Web TeamFirst Published Sep 17, 2020, 11:26 AM IST
Highlights

കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂർ പൊലീസ് രെജിസ്റ്റർ ചെയ്ത കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലാകുന്നത്. 

കണ്ണൂർ: കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിപിഎം  ചിങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെ  സ്ഥാനത്ത് നിന്ന് നീക്കി. ബുധനാഴ്ച ചേർന്ന സിപിഎം പായം ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. 

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി അറിയിച്ചു.  കണ്ണൂർ ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് കഴിഞ്ഞ ദിവസം മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും ലഹരി കടത്ത് കേസില്‍ പിടിയിലായിരുന്നു.  

കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂർ പൊലീസ് രെജിസ്റ്റർ ചെയ്ത കേസിലാണ് ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലാകുന്നത്. മൈസൂരിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുഭിലാഷിനെ പൊലീസ് ക്ലിയറൻസ് ഇല്ലാതെ കണ്ണൂരിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.

click me!