
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗ (Rape case) ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Bishop Franco Mulakkal) വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ് (M Swaraj). 'നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നല്ല' -സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കോടതി വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. ഒന്നര വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറഞ്ഞത്.
പ്രതികരണവുമായി മലയാള സിനിമയിലെ നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, എന്നിവരും രംഗത്തെത്തി. 'അവള്‍ക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് താരങ്ങള്‍ പ്രതികരണം അറിയിച്ചത്. നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവനും രംഗത്തെത്തിയിരുന്നു. ''യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.''എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam