
തൃശൂർ: സി പി എം നേതാവ് എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുൻ എം എൽ എ കൂടിയായ സ്വരാജ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷവും ഇടതുവിരുദ്ധ ചേരിയും സ്വരാജിനെതിരെ ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടിയതാണ് ‘പൂക്കളുടെ പുസ്തകം’ എന്ന ഗ്രന്ഥം. ഏറ്റവും കൂടുതൽ മാർക്ക് വിധികർത്താക്കൾ നൽകിയ പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത് എന്ന് അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനോട് 11077 വോട്ടുകൾക്ക് സ്വരാജ് പരാജയപ്പെട്ടിരുന്നു.
അതേസമയം കേരള സാഹിത്യ അക്കാദമിയുടെ 2024 ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനുമാണ് ലഭിച്ചത്. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്ക് സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 പിന്നിട്ട എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം നൽകാറുള്ളത്.
മറ്റ് അവാര്‍ഡുകള്‍
കവിത - അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്)
നോവല്‍ - ജി ആര്‍ ഇന്ദുഗോപന്‍ (ആനോ)
ചെറുകഥ - വി ഷിനിലാല്‍ (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര)
നാടകം - ശശിധരന്‍ നടുവില്‍ (പിത്തളശലഭം)
സാഹിത്യവിമര്‍ശനം - ജി ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം - പി ദീപക് (നിര്‍മ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)
ജീവചരിത്രം / ആത്മകഥ - ഡോ. കെ രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം)
വിവര്‍ത്തനം - ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം- ജിയോ കോന്‍ഡ ബെല്ലി)
ബാലസാഹിത്യം - ഇ എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍)
ഹാസസാഹിത്യം - നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത)