ചൂരൽമല സ്വദേശികൾക്കെതിരെ കേസ്; നടപടി വില്ലേജ് ഓഫീസറുടെ പരാതിയിൽ

Published : Jun 26, 2025, 04:38 PM IST
ചൂരല്‍മല

Synopsis

ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കൽപ്പറ്റ: ചൂരൽമലയിൽ ഇന്നലെ വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞ നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. വെള്ളാർമല വില്ലേജ് ഓഫീസർ എ അജീഷിനെ കയ്യേറ്റം ചെയ്‌തുവെന്ന പരാതിയിലാണ് ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പൊലീസ് കേസെടുത്തത്.

കനത്ത മഴയെ തുടർന്ന് ജോലിയില്ലാതാകുന്ന ഉരുൾ ദുരന്തബാധിതരായ തൊഴിലാളികൾക്ക് ദിനബത്തയായി 300 രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വില്ലേജ് ഓഫീസർ ദുരന്തബാധിതരെ സംബന്ധിച്ച് തെറ്റായ റിപ്പോർട്ട് നൽകിയെന്നാരോപിച്ചുമായിരുന്നു ഇന്നലെ തോട്ടം തൊഴിലാളികളടക്കമുള്ള ചുരൽ മലക്കാർ വില്ലേജ് ഓഫീസർ, ദുരന്തനിവാരണ സ്പെഷ്യൽ ഓഫീസർ അശ്വിൻ പി കുമാർ അടക്കമുള്ളവരെ തടഞ്ഞുവെച്ചിരുന്നത്. പ്രതിഷേധത്തിനിടെ തനിക്ക് നേരെ കൈയ്യേറ്റമുണ്ടായി എന്നായിരുന്നു വില്ലേജ് ഓഫീസറുടെ പരാതി. ഇതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇവരേയും ഇന്നലെ നാട്ടുകാർ തടഞ്ഞു.

പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ പറയുന്ന വിഷയങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, ചൂരൽമല മേഖലയിൽ നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്.

മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.

മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറഞ്ഞത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇന്നും ചൂരൽമരയിൽ മഴ തുടരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം