
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് എംവി ജയരാജൻ. ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് ജയരാജൻ പറഞ്ഞു. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു. കേരളത്തിൽ എസ്ഐആർ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണ്. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദ്ദമാണെന്നും എംവി ജയരാജൻ പറഞ്ഞു.
ഒരാൾ രണ്ട് ജോലി ചെയ്യേണ്ടിവരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണം. നടപടിക്രമങ്ങളിൽ വ്യക്തതയുണ്ടാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എംവി ജയരാജൻ പറഞ്ഞു.
പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. അതിനിടെയാണ് ഇന്ന് അനീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിൻ്റെ മരണത്തിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam