
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഎം നേതാവ് പി കെ ശശി. രാജി വയ്ക്കാനല്ലല്ലോ ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. കെടിഡിസിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. ബാക്കിയെല്ലാം കൽപ്പിത കഥകളാണ്. പാർട്ടി നടപടി വിശദീകരിക്കേണ്ട ബാധ്യതയില്ല. പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ല. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി കെ ശശി പ്രതികരിച്ചു.
മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ സിപിഎം ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം പി കെ ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചിരുന്നു. പാർട്ടി ഓഫീസ് നിർമ്മാണഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകകൾ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. ജില്ലാ കമ്മിറ്റി യോഗത്തിൽ എൻ എൻ കൃഷ്മദാസ് ഒഴികെ ആരും ശശിയെ പിന്തുണച്ചില്ല. ശശി പക്ഷക്കാരായിരുന്ന നേതാക്കൾ പലരും കളം മാറി. എന്നാൽ ശശി ജില്ലാ കമ്മറ്റി അംഗമായതിനാൽ സംസ്ഥാന കമ്മറ്റിയാണ് നടപടി എടുക്കേണ്ടത്. തൽക്കാലം നടപടി ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam