സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാവിനെ പിടിച്ചുമാറ്റി: എസ്ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി

By Web TeamFirst Published Sep 4, 2019, 3:49 PM IST
Highlights

എസ്ഐയെ സക്കീർ ഭീഷണിപ്പെടുത്തുന്ന  ഓഡിയോ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
 

കൊച്ചി: എസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്ഐയ്ക്ക് സിപിഎം നേതാവിന്‍റെ ഭീഷണി.  ഗുണ്ടാ കേസിൽ പ്രതിയായ, കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനാണ് കളമശ്ശേരി എസ്ഐ അമൃത രംഗനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് .എസ്ഐയെ സക്കീർ ഭീഷണിപ്പെടുത്തുന്ന  ഓഡിയോ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയുടെ തലപൊട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. ഇതിനിടയിലാണ് ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റുന്നത്. സംഘർഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്ഐയുടെ വിശദീകരണം. 

വിദ്യാർത്ഥി നേതാവിനോട് എസ്ഐ മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിപിഎം നേതാവ് സംഭവത്തില്‍ ഇടപെട്ടത്.  കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. ഗുണ്ടാ കേസിലടക്കം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നേരത്തെയും ഇത്തരം പരാതികളുണ്ടായിട്ടുണ്ട്.  എന്നാൽ കാര്യങ്ങൾ തിരക്കിയ തന്നോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് സക്കീർ പറയുന്നത്. വിവാദമായ ഫോൺ സംഭഷത്തിൽ പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. കുസാറ്റിലെ  വിദ്യാര്‍ത്ഥി സംഘർഷത്തിൽ  അഞ്ച്  എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കളമശ്ശേരി പോലീസ് കേസ് എടുത്തിട്ടുമുണ്ട്. 
 

click me!