ജി സുധാകരന് സിപിഎമ്മിന്‍റെ മറുപടി, 'ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ടോ, ആർജ്ജവം ഉണ്ടെങ്കിൽ ചെയ്തു കാണിക്ക്'

Published : Jul 11, 2026, 10:25 AM IST
Adv Manu C Pulickal

Synopsis

ഡിവൈഎഫ്ഐയെ ഒഴിവാക്കിയാൽ പകരം സംവിധാനം ഒരുക്കാൻ സർക്കാരിന് കഴിയുമോയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കൽ ചോദിച്ചു. പ്രസ്താവന പിൻവലിക്കണമെന്നും അല്ലെങ്കിൽ പറഞ്ഞത് ചെയ്ത് കാണിക്കണമെന്നും അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടു.

ആലപ്പുഴ: മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച ജി സുധാകരൻ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കൽ. ഏറ്റവും കുറഞ്ഞത് ദിവസവും 2500 പൊതികൾ എങ്കിലും നൽകേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. സർക്കാർ ഏറ്റെടുത്തുകഴിഞ്ഞാൽ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകുവാൻ സർക്കാരിന് കഴിയുമെന്ന് അങ്ങേയ്ക്കോ പുതിയ ലാവണമായ ഐക്യ ജനാധിപത്യ മുന്നണിക്കോ പറയാൻ സാധിക്കുമോയെന്ന് മനു സി പുളിക്കൽ ഫേസ്ബുക്കിൽ കുറിച്ചു. ജി സുധാകരൻ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഫോട്ടോ സഹതിമാണ് സിപിഎം നേതാവിന്റെ കുറിപ്പ്.

ആശുപത്രി കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി അന്നദാനം കൊടുക്കുകയാണെന്നായിരുന്നു ജി സുധാകരന്‍റെ പരാമർശം. പിന്നെ ഗവണ്‍മെന്‍റിന്‍റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം. ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണതെന്നും സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് രജിസ്റ്ററിൽ ദിവസവും പത്തും അതിലധികവും പേരുകളുടെ ഒപ്പം ഡിവൈഎഫ്ഐ എന്ന സംഘടനയുടെ പേരും കാണാൻ സാധിക്കും. എന്നാൽ ഡിവൈഎഫ്ഐയെ മെഡിക്കൽ കോളേജിൽ നിന്ന് ഒഴിവാക്കുമ്പോൾ സാധാരണക്കാരായ രോഗികൾക്കുള്ള രക്തവും അങ്ങയും അങ്ങയുടെ സർക്കാരും നൽകുമെന്ന് ഉറപ്പുണ്ടോയെന്നും സിപിഎം നേതാവ് ചോദിക്കുന്നു. നൽകിയ ഉറപ്പുകൾ ഇന്നേവരെ പാലിക്കാതെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് കയറ്റിവിട്ട ചരിത്രമാണ് കേരളം ഭരിച്ച കോൺഗ്രസ് സർക്കാരുകൾക്ക് ഉള്ളതെന്നും മനു സി പുളിക്കൽ ആരോപിച്ചു. അതുകൊണ്ടുതന്നെ ഒന്നുകിൽ ജി സുധാകരൻ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുവാൻ ആർജ്ജവം ഉണ്ടെങ്കിൽ അത് ചെയ്തു കാണിക്കണം. അല്ലാത്തപക്ഷം പറഞ്ഞുപോയ അബദ്ധം തിരിച്ചറിഞ്ഞ് നിസ്സഹായരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഭിക്കുന്ന ഭക്ഷണപ്പൊതികളും രക്തദാനവും ഇല്ലാതാക്കുന്ന പ്രസ്താവനയിൽ നിന്ന് പിന്മാറണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇപിയുടെ പ്രതികരണം താൻ കണ്ടിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ; വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്നും പ്രതികരണം
വൻ വേട്ട, മിഠായി ആണെന്ന് തോന്നും, പക്ഷേ അല്ല, അതിബുദ്ധി അസ്ഥാനത്തായി; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ