
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഇടം ലഭിക്കാത്തതിൽ അസാധാരണ പ്രതിഷേധവുമായി നേതാക്കൾ. എ. പത്മകുമാർ പരസ്യമായി പ്രതിഷേധിക്കുമ്പോൾ പി ജയരാജനെ തഴഞ്ഞതിനെതിരെ മകൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് എൻ സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. എംബി രാജേഷിനെയും കടകം പള്ളി സുരേന്ദ്രനെയും തഴഞ്ഞതിലും പാർട്ടിയിൽ അമർഷമുണ്ട്.
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ കമ്മിറ്റിയിൽ ഇടം ലഭിക്കാത്തവർ പ്രതിഷേധവുമായി എത്തുന്നത് സിപിഎമ്മിൽ ആദ്യമാണ്. പത്മകുമാറിൽ മാത്രം ഒതുങ്ങുന്നില്ല അമർഷം. കണ്ണൂരിൽ നിന്ന് പി ജയരാജൻ സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് കരുതിയത്. പാനലിൽ പേരില്ലാത്തതിലുള്ള എതിർപ്പ് സമ്മേളനത്തിനിടയിൽ ചേർന്ന സംസ്ഥാന സമിതിയിൽ ജയരാജൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അച്ഛനെ തഴഞ്ഞതിൽ പ്രതിഷേധം അറിയിച്ചത് മകൻ ജയിൻ രാജ്. വർത്തമാന ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതിക്ഷിച്ചിരുന്നുവോ എന്ന എം സ്വരാജിന്‍റെ മുൻകാല പോസ്റ്റ് പങ്കു വെച്ചാണ് ജയിൻ രാജിന്റെ പോസ്റ്റ്. കണ്ണൂരിൽ നിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുമെന്ന കരുതിയ എൻ സുകന്യയും പരോക്ഷ വിമർശനവുമായി എത്തി.
ഓരോ അനീതിയിലും നീ കോപത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണെന്ന ചെഗുവേരയുടെ വാക്യമാണ് പോസ്റ്റിടാനെടുത്തത്. എന്നാൽ പിന്നാലെ പോസ്റ്റ് നേതൃത്വത്തിനെതിരായ വിമർശനമല്ലെന്ന് സുകന്യ വിശദീകരിച്ചു. പരിഗണിക്കാത്തതിൽ സമ്മേളനത്തിൽ തന്നെ ജെ മേഴ്സിക്കുട്ടിയമ്മയം പ്രതിഷേധിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുമെന്ന് കരുതിയ എംബി രാജേഷ്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ തഴയപ്പെട്ടതിലും അണികളിൽ നിരാശയുണ്ട്.
മറ്റ് ജില്ലകളിലും അവഗണിക്കപ്പെട്ടെന്ന് തോന്നലുള്ളവർ ഏറെയുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ അറിയിക്കേണ്ടത് സോഷ്യൽ മീഡിയയിൽ അല്ലെന്നാണ് നേതാക്കളുടെ മറുപടി. വിവിധ ജില്ലകളിൽ ഉടൻ സെക്രട്ടറിയേറ്റ് രൂപീകരിക്കാൻ യോഗം ചേരും. അവിടെയും പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. അസാധാരണ സാഹചര്യം വലിയ പൊട്ടിത്തെറിയിലേക്ക് പോകുന്നത് ഒഴിവാക്കാൻ നേതൃത്വം ഉടൻ ഇടപെടും.