
ആലപ്പുഴ: പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി ഇനി സ്വതന്ത്രനാണെന്ന് പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി പി എം. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ വമ്പൻ ബഹുജന മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചാണ് സി പി എം കടുപ്പിക്കുന്നത്. വി എസ് അച്യുതാനന്ദന്‍റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച് സുധാകരന്‍റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. വർഗവഞ്ചകന് മാപ്പില്ല എന്ന ബാനർ ഉയർത്തി, വൈകാരിക പ്രതികരണങ്ങളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാർച്ചിൽ അണിനിരന്നത്. സുധാകരന്‍റെ സഹോദരനായ ഭുവനേശ്വന്‍റെ രക്തസാക്ഷിത്വമടക്കം ഓർമ്മിപ്പിച്ചുകൊണ്ട് 'ഭുവനേശ്വര അനശ്വര' മുദ്രാവാക്യം മാർച്ചിൽ ഉടനീളം ഉയർന്നുകേട്ടു. സുധാകരന്‍റെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയായിരുന്നു. 'വർഗവഞ്ചനയ്ക്ക് മാപ്പില്ല', 'യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ', 'പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം', 'ജി സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ, തോറ്റും മടങ്ങും ഉറപ്പാണേ', എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു സി പി എം മാർച്ച്. പൊതുസമ്മേളനത്തിൽ സംസാരിച്ച അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജി, ജില്ലാ സെക്രട്ടറി ആർ നാസർ, സി പി എം കേന്ദ്ര കമ്മിറ്റി അംഗവും സുധാകരന്‍റെ ബന്ധുവുമായ സി എസ് സുജാത, എച്ച് സലാം എം എൽ എ എന്നിവർ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. നാണം ഉണ്ടോടാ സുധാകരാ തനിക്ക് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഏരിയ സെക്രട്ടറി സാംജി പ്രസംഗം തുടങ്ങിയത്.
സുധാകരാ, നിങ്ങൾ എന്തിന് ചെങ്കൊടി പണയം വെച്ചു? ഇന്നല്ലെങ്കിൽ നാളെ ഉത്തരം പറയേണ്ടിവരും. സുധാകരൻ ആർത്തി പണ്ടാരമാണ്. വീണ്ടും വീണ്ടും മത്സരിക്കാനുള്ള ആർത്തിയാണ് സുധാകരന്. എട്ടാം തവണ മത്സരിക്കാൻ സീറ്റ് കൊടുക്കാത്തതാണ് പാർട്ടി ചെയ്ത കുറ്റം. എത്ര കാലം നമ്മൾ സുധാകരന് വേണ്ടി പോസ്റ്റർ ഒട്ടിച്ചു. പോസ്റ്റർ ഒന്ന് ചെരിഞ്ഞാൽ നോക്കാൻ വരും സുധാകരൻ. എന്നിട്ടും പണി എടുത്തില്ലേ സഖാക്കൾ. സലാം മത്സരിക്കാൻ വന്നപ്പോൾ സുധാകരൻ, സലാമിനെതിരെ പോസ്റ്റർ എഴുതി ഒട്ടിച്ചു. സലാം എസ് ഡി പി ഐക്കാരൻ എന്ന് പ്രചരിപ്പിച്ചത് സുധാകരൻ. നാണം ഉണ്ടോടാ സുധാകരാ തനിക്ക്. എച്ച് സലാം എസ് ഡി പി ഐക്കാരൻ ആണെന്ന് സുധാകരൻ പറഞ്ഞു നടന്നു. നാട് നീളെ പോസ്റ്റർ ഒട്ടിപ്പിച്ചു. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഒരു ആർ എസ് എസുകാരൻ കയറാൻ ഒത്താശ ചെയ്തത് സുധാകരനാണ്. സന്ദീപ് വാചാസ്പതിക്ക് രക്തസാക്ഷി മണ്ഡപം തുറന്നു കൊടുത്തത് സുധാകരനാണ്. വീണ്ടും സലാം പുന്നപ്രയുടെ മണ്ണിൽ ജയിക്കും. തെരഞ്ഞെടുപ്പിൽ കലാപം ഉണ്ടാക്കാൻ ആണ് സുധാകരൻ ശ്രമിച്ചത്. സുധാകരാ പാർട്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ നിങ്ങൾക്കൊപ്പം വരുമോ? സുധാകരൻ വീണ്ടും മത്സരിക്കാൻ പോകുന്നു. ഈ പാർട്ടിയിലെ ഒരാളും സുധാകരന്റെ കൂടെ പോകില്ല. സഖാവ് വി എസിന്‍റെ ഓർമയിൽ ജീവിക്കുന്നവരാണ് നമ്മൾ. വി എസിനേക്കാൾ കൂടുതൽ പരിഗണന ജി സുധാകരന് പാർട്ടി നൽകി. 'എല്ലാം ഞാൻ ആണല്ലോ', അതാണ് മാടമ്പിത്തരം. ചെറുപ്പത്തിലേ സുധാകരന് അധികാര മോഹം. മുനിസിപ്പലിറ്റി ചെയർമാൻ ആകാൻ വേണ്ടി പഞ്ചായത്തിലെ വോട്ട് മുനിസിപ്പാലിറ്റിയിൽ ചേർത്ത് ചെയർമാൻ ആയി. പിന്നെ ജില്ലാ കൗൺസിൽ വന്നപ്പോൾ തിരിച്ച് വോട്ട് ചേർത്ത് ജില്ലാ കൗൺസിൽ പ്രസിഡന്‍റ് ആയി. നൂറ് ജന്മം ജീവിച്ചാലും സുധാകരാ, തനിക്ക് ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയില്ല.
ജി സുധാകരന് നൽകിയ അവസരങ്ങൾ എണ്ണി പറഞ്ഞായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം. മത്സരിക്കാൻ ഉള്ള ആഗ്രഹം പണ്ട് മുതലേ സുധാകരൻ പ്രകടിപ്പിച്ചു പോന്നതാണ്. ആദ്യം കുട്ടനാട് മത്സരിച്ചു തോറ്റു. പിന്നീട് ഈ പാർട്ടി സുധാകരന് എണ്ണമറ്റ പരിഗണനയാണ് നൽകിയത്. കുട്ടനാട് തോറ്റ ശേഷം സുധാകരനെ എഴു തവണ പാർട്ടി മത്സരിപ്പിച്ചു. ജയവും തോൽവിയും ഏറ്റു വാങ്ങി. ഒരു മനുഷ്യായുസിൽ നൽകാവുന്ന പരിഗണനകൾ എല്ലാം പാർട്ടി നൽകി. ജി സുധാകരനെ ഞങ്ങളെല്ലാം ആരാധിച്ചു, ബഹുമാനിച്ചു. അത് അനശ്വര രക്തസാക്ഷി ജി ഭുവനേശ്വരന്റെ സഹോദരൻ ആയത് കൊണ്ടാണ്. ഭുവനേശ്വരനെ കൊന്നത് കെ എസ് യു - ഡി എസ് യു മുന്നണിയാണ്. ഇപ്പോൾ സുധാകരൻ പറയുന്നു കെ എസ് യു അല്ല കൊന്നതെന്നും നായർ ഗുണ്ടകൾ കൊന്നു എന്നുമാണ്. രക്തസാക്ഷിയെ തള്ളി പറയുന്ന നിലയിലേക്ക് ജി സുധാകരൻ എത്തി. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറഞ്ഞു. എങ്ങനെയാണ് സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറയാൻ കഴിയുക. കേസ് നടത്താൻ ആഞ്ഞിലി വിറ്റെന്നാണ് പറയുന്നത്. കേസിലെ വാദിക്ക് എന്താണ് ചിലവ്? ഉള്ളിൽ പാർലമെന്‍ററി വ്യാമോഹം മാത്രം. ഒരു കമ്മ്യൂണിസ്റ്റിന് അതിന് കഴിയുമോ? പാർലമെന്‍ററി വ്യാമോഹമാണ് സുധാകരന്. ഇതാണോ വൈരുദ്ധ്യാത്മ ഭൗതിക വാദം. കുറേ നാളായി പദ്ധതി ഇട്ട കാര്യമാണ് ഇപ്പോൾ നടക്കുന്നത്. ഏത് രീതിയിലാണ് പാർട്ടി അദ്ദേഹത്തെ അവഗണിച്ചത്. പ്രശ്നം അതൊന്നുമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരുന്നു കഴിഞ്ഞ അഞ്ച് വർഷം. പാർലമെന്ററി മോഹം അതിന്റെ കൊടുമ്പിരി കൊണ്ട് കിടക്കുന്നു. ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. പക്ഷേ സുധാകരൻ വന്നില്ല. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു മുറി പ്രത്യേകം കൊടുത്തു. പാർട്ടി മെമ്പർഷിപ് പുതുക്കാതെ ഇരുന്നത് നന്നായി. ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ. സുധാകരൻ പറഞ്ഞിട്ടാണ് ബ്രാഞ്ചിൽ പ്രവർത്തിപ്പിച്ചത്. ഗൗരിയമ്മയ്ക്കെതിരെ നടപടി എടുത്തത് സുധാകരൻ ഉള്ളപ്പടെ ഉള്ളവർ. ജില്ലാ കൗൺസിലിന് മുകളിൽ വികസന സമിതി ഉണ്ടാക്കിയതിനല്ലേ സുധാകരനെല്ലാം ചേർന്ന് ഗൗരിയമ്മയെ പുറത്താക്കിയത്. ആ സുധാകരൻ ആണ് ഈ പരിപാടി കാണിക്കുന്നത്. പാർട്ടിയിൽ നിന്ന് എല്ലാം ആയ ആൾ. 80 മത്തെ വയസ്സിൽ പാർട്ടി ചിഹ്നത്തിനെതിരെ മത്സരിക്കുന്നു. സുധാകരൻ ഇത്രെയും നാളും ജയിച്ചത് സുധാകരന്റെ മഹത്വം കൊണ്ടാണോ. പാർട്ടി ചുഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ജയിച്ചത്. കായംകുളത്തും അമ്പലപ്പുഴയിലും മത്സരിച്ച് ജയിച്ചു. ഈ പാർട്ടിയെ വെല്ലുവിളിക്കരുത്. എല്ലാ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും അപചയം ഉണ്ടായിട്ടും കൂടെ കൊണ്ടു നടന്നത് ഞങ്ങൾക്ക് പറ്റിയ തെറ്റ്. അമ്പലപ്പുഴയിൽ ജയിക്കാമെന്നാണോ കരുതുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണാണിത്. പാർട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ കൂട്ട് പിടിച്ച് വന്നാൽ ജനം ചുട്ട മറുപടി നൽകും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്. അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം. ഇന്നും ഒരു എം എൽ എയും മന്ത്രിയും ആകാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അണികൾ ഉള്ള പ്രസ്ഥാനമാണിത്. സഖാവ് ജി സുധാകരനോട് വിനയത്തോടെ അഭ്യർത്ഥിക്കാൻ ഉള്ളത്. ഈ പാർട്ടിയെ വെല്ലുവിളിക്കരുത് എന്നാണ്. അതിനിടെ ജില്ലാസെക്രട്ടറി ആർ നാസർ സുധാകരനെ സഖാവ് എന്ന് വിളിച്ചതിനു എതിരെ പ്രവർത്തകർ രംഗത്തെത്തി. സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കണ്ട എന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞു. നാസർ പ്രസംഗത്തിൽ ഉടനീളം സഖാവ് എന്നാണ് സുധാകരനെ വിശേഷിപ്പിച്ചത്. പ്രവർത്തകരുടെ ഇടപെടിലിന് പിന്നാലെ 'വിളിച്ചു ശീലിച്ചത് കൊണ്ടാണ് സഖാവെ പ്രയോഗം വന്നത്' എന്ന് നാസർ വിശദീകരിച്ചു.
സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ജി സുധാകരന്റെ ബന്ധുവുമായ സി എസ് സുജാതയും അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആജീവനാന്തം സ്നേഹിച്ച പ്രസ്ഥാനത്തെയും ചെങ്കൊടിയെയും തള്ളിപ്പറഞ്ഞ് ശത്രുപാളയത്തിൽ അഭയം പ്രാപിച്ച സുധാകരന്റെ നടപടി വിശ്വസിക്കാനാകുന്നില്ലെന്നും, സ്വന്തം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെപ്പോലും തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ വാർത്താസമ്മേളനം അങ്ങേയറ്റം വേദനാജനകമാണെന്നും സുജാത പറഞ്ഞു. പാർട്ടിക്ക് അതീതമായി ആരുമില്ലെന്നും പ്രായപരിധി പരിഗണിച്ച് മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ പാർട്ടിയെ ഒറ്റിക്കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറിയും സംസ്ഥാന നേതാക്കളും നേരിട്ട് പോയി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ, പാർട്ടി നൽകിയ എല്ലാ പരിഗണനകളെയും വിസ്മരിച്ച സുധാകരന് ഈ പ്രസ്ഥാനത്തെ തകർക്കാനാവില്ലെന്നും സുജാത വ്യക്തമാക്കി. ആലപ്പുഴയിലെ പാർട്ടിക്ക് ഒരു വ്യതിയാനവും സംഭവിക്കില്ല എന്ന് പറഞ്ഞയാളാണ് സുധാകരൻ. അത് ശരിയാണ് പാർട്ടിക്ക് ഒരു വ്യതിയാനവും സംഭവിക്കില്ല. അതിന് തെളിവാണ് ഇന്ന് ഇവിടെ ആയിരക്കണക്കിന് ആളുകൾ എത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാത്തിനും മീതെയാണ് പാർട്ടി. അത് ആലപ്പുഴയിലെ സഖാക്കളെ പഠിപ്പിച്ചത് സുധാകരനാണ്. ആ സുധാകരൻ ചെങ്കൊടിയെ തള്ളിപ്പറഞ്ഞാൽ സഹിക്കില്ലെന്നും സുജാത അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള വിരുദ്ധ പ്രവർത്തനങ്ങൾ പാർട്ടി കണ്ടെത്തി. തെരഞ്ഞെടുപ്പിന് ശേഷം നിരന്തരം വിവാദം ഉണ്ടാക്കി. അഞ്ച് വർഷത്തിനിടെ തോമസ് ഐസക്ക് ഒരു പരിപാടിയിൽ പങ്കെടുത്തത് നാല് വർഷത്തിന് ശേഷമാണ്. അദ്ദേഹത്തിന് പരാതി ഇല്ലല്ലോ. ജി സുധാകരനെ പത്ത് പരിപാടിക്ക് വിളിച്ചു. ഒഴിഞ്ഞു മാറി. കരൂർ സ്കൂളിൽ പതിനൊന്നാമത്തെ പരിപാടിക്കും വിളിച്ചു. വരില്ലെന്ന് മറുപടിക്കത്ത് അയച്ചു. കത്തിൽ ഒരു കാര്യം കൂടി ഉണ്ടായിരുന്നു. പരിപാടിയുടെ നോട്ടീസിൽ പേര് ചെറുതായി പോയത്രേ! രണ്ട് ചാനലുകാർ കയ്യിലുണ്ട്. അതാണ് സുധാകന്റെ ധൈര്യം. പരിപാടിക്ക് വിളിച്ചില്ലെന്ന് വാർത്ത വരുത്തും. അദ്ദേഹത്തിന് ഓരോ കാലത്ത് ഓരോന്ന് പറഞ്ഞ് അധികാര കസേരയിൽ ഇരിക്കാനുള്ള മാർഗമായിരുന്ന പാർട്ടി. ഒരു അധികാര കസേരയിലും ഇരിക്കാത്ത ആയിരക്കണക്കിന് അണികൾ ഉള്ള പാർട്ടിയാണ്. സുധാകരനോട് സഹതാപം മാത്രം. അമ്പലപ്പുഴ ജി സുധാകരന്റെ അമ്പലപ്പുഴ അല്ല, സഖാവ് വി എസ് അച്യുതാനന്ദന്റെ അമ്പലപ്പുഴയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam