നിർണായക നീക്കവുമായി കേരള സ‍ർക്കാർ, വാർ റൂം പ്രവർത്തനം ആരംഭിച്ചു; എൽപിജി സ്റ്റോക് കൃത്യമായി മോണിറ്റർ ചെയ്യാൻ സംവിധാനം

Published : Mar 14, 2026, 07:21 PM IST
LPG Gas

Synopsis

മദ്ധ്യപൂർവ്വേഷ്യയിലെ യുദ്ധത്തെ തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിന് നിയന്ത്രണം വന്നതോടെ, കേരളം പ്രതിസന്ധി നേരിടാൻ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ റൂം ആരംഭിച്ചു. വാണിജ്യ സിലിണ്ടർ വിതരണത്തിൽ ഇളവുകൾ ആവശ്യപ്പെട്ട സർക്കാർ, കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയെ നേരിടാൻ വാര്‍ റൂം ആരംഭിച്ച് കേരളം. മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്ത് എൽപിജി വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ ഒരു വാർ റൂം സജ്ജമാക്കിയിട്ടുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്‍റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി ആര്‍ അനില്‍ കത്ത് നല്‍കി. മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ / സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ - പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്‍കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു.

ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഓയില്‍ കമ്പനികൾ നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ ഡാറ്റാബേസ് ഉടൻ തന്നെ വകുപ്പിന് കൈമാറുകയും സിവിൽ സപ്ലൈസ് വാർ റൂം, ഐടി മിഷൻ ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും.

പൊതുമേഖലാ ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക്, വരവ്, വിതരണം, നീക്കിയിരിപ്പ് അടക്കമുള്ള വിവരങ്ങൾ എല്ലാ ദിവസവും 11 മണിക്ക് മുന്‍പായി ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഓയിൽ കമ്പനികൾ സ്വീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കായി ഒരു ഡാഷ്ബോർഡ് സംവിധാനം തയ്യാറാക്കുന്നതിനായി ഐടി മിഷനെ ചുമതലപ്പെടുത്തി. അത് സജ്ജമാകുന്നതുവരെ പൊതുവിതരണ വകുപ്പ് ലഭ്യമാക്കുന്ന ഗൂഗിൾ ഷീറ്റിൽ ഓയിൽ കമ്പനികൾ വിവരം ലഭ്യമാക്കുന്നതാണ്.

കൂടാതെ, ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രതിദിന ഉല്പ്പാദനം, നീക്കിയിരിപ്പ് എന്നിവ സംബന്ധിച്ച വിവരം സംസ്ഥാന സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ദിവസേന മോണിറ്റർ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓയിൽ കമ്പനികൾ ലഭ്യമാക്കുന്നതാണ്. പ്രൈവറ്റ് ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് പൊസിഷൻ, വിതരണം എന്നിവ സംബന്ധിച്ച വിവരം എല്ലാ ദിവസവും താലൂക്ക് സപ്ലൈ ആഫീസർമാർ ശേഖരിച്ച് വിശകലനം ചെയ്യുന്നതാണ്.

വാണിജ്യാവശ്യത്തിന് വേണ്ടി കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സിലിണ്ടറുകൾ കൂടാതെ പരമാവധി 5 സിലിണ്ടറുകളിൽ കൂടുതൽ അധികമായി സംഭരിച്ച് സൂക്ഷിക്കുവാൻ പാടില്ലായെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃതമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955 ലെ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള LPG നിയന്ത്രണ ഉത്തരവ് പ്രകാരം ആയത് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുവാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 84 ഗ്യാസ് ഏജന്‍സികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തുകയുണ്ടായി. അനധികൃതമായി വിതരണം ചെയ്ത 57 ഗ്യാസ് സിലിണ്ടറുകള്‍ കോട്ടയം ജില്ലയിലും ഏഴെണ്ണം തിരുവനന്തപുരം ജില്ലയിലും പിടിച്ചെടുത്തിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്തിവയ്പ്പും നടക്കാനുള്ള സാധ്യത കണ്ടെത്തി തടയാന്‍ അവധി ദിവസങ്ങളിലടക്കം സ്ക്വാഡുകള്‍ രൂപീകരിച്ച് കര്‍ശന പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോ​ഗിക്കാം; കേരള ഭൂപതിവ് ചട്ടങ്ങള്‍ക്ക് അനുമതി, മലയോര ജനതയെ ചേർത്തുപിടിക്കുന്ന തീരുമാനമെന്ന് സർക്കാർ
ഈ സാധനമെങ്ങാനും പൊട്ടി വീഴുമോ! യുഡിഎഫ് കാലത്ത് തുടങ്ങിയ കോട്ടയം ആകാശപാത വീണ്ടും ചർച്ചയിൽ; പൂർത്തിയാക്കുമെന്ന് തിരുവഞ്ചൂർ, ചോദ്യങ്ങളുമായി സിപിഎം