
കണ്ണൂര്‍ : ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ പാർട്ടി അടിയന്തിര നേതൃയോഗം. എം വി ജയരാജൻ ഉൾപെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളെ മുഴുവൻ യോഗത്തിന് വിളിപ്പിച്ചു. പാർട്ടിക്ക് വെല്ലുവിളി ഇല്ലാതെ പ്രശ്നം തീർക്കാൻ തീവ്രശ്രമമാണ് നടക്കുന്നത്. മട്ടന്നൂർ ഏരിയ കമ്മറ്റി ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിലായി. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും പൊലീസ് പറയുന്നു. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്.
പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്. താൻ ഉൾപെട്ട രണ്ട് രാഷ്ട്രീയ കൊലപാതക കേസുകൾ ചൂണ്ടിക്കാട്ടിയും ഇപ്പോൾ ഒറ്റുകാരനാക്കുന്നത് അംഗീകരിക്കില്ലെന്ന് ആവർത്തിക്കുന്ന ആകാശിന്റെ നീക്കത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam