Mullaperiyar| മരംമുറി: ഭരണകക്ഷിയിൽ എതിർപ്പ്, ഉത്തരവിനെതിരെ വാഴൂർ സോമൻ; മുഖ്യമന്ത്രിയറിഞ്ഞെന്ന് പ്രതിപക്ഷം

By Web TeamFirst Published Nov 7, 2021, 12:20 PM IST
Highlights

പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ വെള്ളം ചേർക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വകരിച്ചതിനെതിരെ സർക്കാർ അന്വേഷണം വേണമെന്ന് സിപിഐ എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു.  മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന പീരുമേടിലെ എംഎൽഎ കൂടിയാണ് വാഴൂർ സോമൻ. 

തിരുവനന്തപുരം: മുല്ലപ്പെരിയാർ (mullaperiyar ) ബേബി ഡാമിന് സമീപത്തെ മരങ്ങൾ വെട്ടുന്നത് (tree felling) കേരളം അനുമതി നൽകിയത് ഉദ്യോഗസ്ഥതലത്തിലാണെന്നും മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നുമുള്ള വനംമന്ത്രി എകെ ശശീന്ദ്രന്റെ വാദങ്ങൾക്കെതിരെ പ്രതിഷേധം ശക്തം. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. 

പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ വെള്ളം ചേർക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വകരിച്ചതിനെതിരെ സർക്കാർ അന്വേഷണം വേണമെന്ന് സിപിഐ എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു.  മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത് പീരുമേടിലെ എംഎൽഎ കൂടിയാണ് വാഴൂർ സോമൻ. ''മാധ്യമങ്ങളിലൂടെയാണ് മരംമുറിക്ക് കേരളം അനുമതി നൽകിയതെന്ന വിവരമറിഞ്ഞത്. ഉടൻ തന്നെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. പാട്ട ഭൂമിയിലെ മരംമുറിക്ക് ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കാമെന്നാണ് അവർ അറിയിച്ചത്. 
എന്നാൽ പാട്ടഭൂമിയെന്നതിലുപരി സുപ്രീം കോടതി ഇടപെട്ട രണ്ട്  സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമാണിത്. അത്തരത്തിലൊരു വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഉദ്യോഗസ്ഥർ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Mullapperiyar‌|'അറിഞ്ഞത് സ്റ്റാലിന്‍റെ കത്ത് കണ്ടപ്പോൾ', മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ വനംമന്ത്രി

പുതിയ ഡാമെന്ന ആവശ്യത്തിൽ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുന്ന സമത്ത് നയപരമായ ഒരു തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. സുപ്രീം കോടതി പറഞ്ഞുവെന്ന പേരിൽ ഉദ്യോഗസ്ഥർ എടുക്കേണ്ട തീരുമാനമല്ലിത്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ വെള്ളംചേർക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു''. ധിക്കാരപരമായ നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് ഗൌരവകരമായി എടുത്ത് സർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേ സമയം  മുല്ലപ്പെരിയാരിൽ മരംമുറിക്കുള്ള അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ താത്പര്യമാണ് കേരള സർക്കാർ സംരക്ഷിക്കുന്നത്. ആഭ്യന്തര വകുപ്പ് അറിഞ്ഞാണ് ഉത്തരവിട്ടതെന്നതിന് തെളിവുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പിൻവലിക്കണം. കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് ഉണ്ടായത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം.  ഒന്നും അറിഞ്ഞില്ലെന്ന് പറയുന്ന വനം മന്ത്രി സ്ഥാനത്ത് ഇരിക്കണോ എന്ന് അദ്ദേഹം ചിന്തിക്കണം. മാനാഭിമാനമുണ്ടെങ്കിൽ മന്ത്രി രാജിവക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി അറിഞ്ഞുള്ള നാടകമാണ് നടന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽനടക്കുന്നത്. ബേബിഡാമിലെ മരം മുറിക്കുള്ള അനമതി മുഖ്യമന്ത്രി അറിഞ്ഞാണ് നൽകിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വനം  മന്ത്രിയും അറിയാതെ മരംമുറിക്കാൻ അനുമതി നൽകാനാകില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. നടന്നത് വൻ ചതിയാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. 

click me!