
മലപ്പുറം: മലപ്പുറത്ത് യുഡിഎഫിന്‍റെ ശക്തി കേന്ദങ്ങളായ മണ്ഡലങ്ങളില്‍ പ്രമുഖരായ സ്വതന്ത്രരെ മത്സരിപ്പിക്കാൻ സിപിഎം നീക്കം. കഴിഞ്ഞ തവണ സ്വതന്തര്‍ മത്സരിച്ച മണ്ഡലങ്ങള്‍ക്ക് പുറമേ വണ്ടൂരിലും ഏറനാട്ടിലും ഇത്തവണ സ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് സിപിഎം ശ്രമം.
ഏറനാട് മണ്ഡലത്തില്‍ അരീക്കോട് സ്വദേശിയും ഇന്ത്യൻ ഫുട്ബോള്‍ ടീം മുൻ ക്യാപ്റ്റനുമായ യു ഷറഫലി, വണ്ടൂരില്‍ മലപ്പുറം ജില്ലാ മുൻ കളക്ടര്‍ എം സി മോഹൻദാസ് എന്നിവരെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. ഫുട്ബോള്‍ ആരാധകരുടെ നാടായ ഏറനാട് ഷറഫലി സ്ഥാനാര്‍ത്ഥിയായി വന്നാല്‍ മണ്ഡലം പിടിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. നിലവില്‍ സിപിഐ മത്സരിക്കുന്ന ഏറനാട് ഈ തെരെഞ്ഞെടുപ്പോടെ സിപിഎമ്മിന് മത്സരിക്കാൻ കിട്ടുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
മുൻ മന്ത്രി എ പി അനില്‍ കുമാര്‍ വിജയിച്ച വണ്ടൂരില്‍ കഴിഞ്ഞ തവണ മികച്ച സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കാനാവാത്തത് വലിയ വീഴ്ച്ചയായി സിപിഎം നേതൃത്വം സ്വയം വിലയിരുത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ജില്ലക്കാരൻ തന്നെയായ മുൻ ജില്ലാ കളക്ടര്‍ എം സി മോഹൻ ദാസിനെ സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ മോഹൻദാസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സ്വീകാര്യരായ സ്വതന്ത്രരെ ഇത്തവണയും പരിഗണിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ് -മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച ഇടതു സ്വതന്ത്രര്‍ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. തവനൂരില്‍ കെ ടി ജലീലും താനൂരില്‍ വി അബ്ദുറഹിമാനും നിലമ്പൂരില്‍ പി വി അൻവറും വിജയിച്ചു. തിരൂരങ്ങാടി, തിരൂര്‍ പോലുള്ള മുസ്ലീം ലീഗ് കുത്തക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞു.ഈ സാഹചര്യത്തിലാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരീക്ഷിക്കാൻ സിപിഎം ഒരുങ്ങുന്നത്.