
തിരുവനന്തപുരം: ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി മോദിക്കും നൽകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെന്നാൽ ഇന്ദിരയല്ലെന്ന് കാട്ടിക്കൊടുത്തത് പോലെ മോദിയെന്നാൽ ഇന്ത്യയല്ലെന്ന് കാട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നാണ് യെച്ചൂരി പറഞ്ഞു. എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
മോദിക്കെതിരെ ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്താനാണ് ശ്രമമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. അതിനെല്ലാം മറുപടി പറയാനാണ് വന്നത്. പക്ഷെ രാഷ്‌ട്രപതി അത് എളുപ്പമാക്കിയെന്നും കേരള സർക്കാരിന് നല്ല സർട്ടിഫിക്കറ്റാണ് ദ്രൗപദി മുര്‍മു നൽകിയതെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ബിജെപി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ട് വെക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ മുഖമാണ് കേന്ദ്രത്തിൽ കാണുന്നത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണത്തിന് മോദി സർക്കാർ തയ്യാറാവാത്തത് എന്താണെന്നും യെച്ചൂരി ചോദിച്ചു.
ആരെങ്കിലും പ്രധാമന്ത്രിയെ വിമര്‍ശിച്ചാൽ അവർ രാജ്യവിരുദ്ധരാകും. അദാനിയേ വിമർശിച്ചാലും ഇത് തന്നെയാണ് അവസ്ഥ. ഇന്ദിര എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം പോലെയാണ് ഇന്ത്യ എന്നാൽ മോദി, ഇന്ത്യ എന്നാൽ അദാനി എന്ന് ഇപ്പോൾ പറയുന്നത്. എന്നാൽ ഇന്ത്യ എന്നാൽ അദാനിയോ മോദിയോ അല്ല. ഇന്ത്യ ഇന്ത്യക്കാരുടെയാണ്. ഇന്ദിരയ്ക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി പോലെ ഈ സർക്കാരിനും നൽകണമെന്ന് സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam